Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി

dileep manjudileep manju

നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ കോടതിയിൽ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മഞ്ജു വാര്യർ വിസ്താരത്തിനായി ഹാജരായത്. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ മഞ്ജു വാര്യരെ കേൾപ്പിച്ചു. ദിലീപ്, അനുജൻ അനൂപ് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത്. ദിലീപിനോടൊപ്പം വർഷങ്ങളോളം താമസിച്ച ഒരു വ്യക്തി എന്ന നിലയിൽ മഞ്ജു വാര്യർ നൽകുന്ന സാക്ഷി മൊഴിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. ഈ സാഹചര്യത്തിലാണ് കേസിൽ അധിക കുറ്റപത്രം സമർപ്പിച്ചപ്പോൾ മഞ്ജു വാര്യരെയും സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയത്. 

ഫെബ്രുവരി 16 ന് മഞ്ജു വാര്യരെ വിസ്തരിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. എന്നാൽ ദിലീപ് നൽകിയ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ മഞ്ജുവിന്റെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. ഈ ഹർജിയിൽ സുപ്രീംകോടതിയുടെ തീരുമാനം വന്നതിന് ശേഷമാണ് ഇന്ന് മഞ്ജുവിനെ വിസ്തരിക്കാൻ കോടതിയിലേക്ക് വിളിച്ച് വരുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമായ സാക്ഷിമൊഴിയാവും മഞ്ജുവിന്റേത്. നടിക്ക് വേണ്ടി ഹാജരാവുന്ന പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ ഉൾപ്പടെയുള്ളവർ കോടതിയിൽ ഹാജരായിരുന്നു. കേസിലെ വിചാരണയുടെ ആദ്യ ഘട്ടത്തിലും മഞ്ജു വാര്യരെ വിസ്തരിച്ചിരുന്നു. 

മഞ്ജു വാര്യരെ വിസ്തരിച്ചാൽ വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ വരെ സാധ്യതയുണ്ടെന്ന വാദങ്ങളായിരുന്നു ദിലീപ് സാക്ഷി വിസ്താരത്തിന് എതിരായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ മഞ്ജുവിനെ വിസ്തരിക്കണമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച് നിന്നു. കേസിലെ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന കാര്യം പ്രതി തീരുമാനിക്കരുതെന്നായിരുന്നു നടിയുടെ ആവശ്യം. അതേസമയം, കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം എവിടെ തുടരുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

Eng­lish Sum­ma­ry: actress attack case man­ju war­ri­er appeared in court
You may also like this video

Exit mobile version