മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭർത്താവ് കുട്ടിക്കൃഷ്ണനാണ് കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2004 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുപതുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കളുൾപ്പെടെ ആരുടെയും തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഒന്നേകാൽ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നിൽ ജയന്തിയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ വാദിച്ചു.
വള്ളികുന്നം മൂന്നാം വാർഡിൽ രാമകൃഷ്ണ ഭവനത്തിൽ പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയമകളായിരുന്നു ജയന്തി. ബിഎസ്‌സി പാസായി നിൽക്കുമ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാർ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണൻ മകൾ ജനിച്ച് ഒരുവർഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്.
ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണൻ ജയന്തിയെ വീട്ടിനുള്ളിൽവെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറത്തു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയതിന് ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റസമ്മതം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത്. തുടർന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്‍റെ വിചാരണ നീണ്ടു പോകാൻ ഇടയാക്കിയത്. കുട്ടിക്കൃഷ്ണൻ ജാമ്യത്തിലിറങ്ങിയശേഷം കൊലപാതകം നടന്ന വീടും വസ്തുവും വിറ്റ പണവുമായാണ് നാടുവിട്ടത്. കേരളത്തിന് പുറത്ത് വ്യാജപ്പേരിൽ വിലസിയ കുട്ടിക്കൃഷ്ണനെ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം രണ്ട് വർഷം മുമ്പാണ് പൊലീസ് പിടികൂടിയത്.