മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാദീപക്കാഴ്ച നാളെ നടക്കും . പുണർതം നാളായ നാളെ വൈകിട്ട് 5ന് നടതുറക്കും തുടർന്ന് മഹാ ദീപക്കാഴ്ച. 7 30 മുതൽ രചന നാരായണൻ കുട്ടി അവതരിപ്പിക്കുന്ന നടനാഞ്‌ജലി. വെള്ളി രാവിലെ 9.30നു ശേഷം നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി ചതുശ്ശതനിവേദ്യത്തോടെയുള്ള ഉച്ചപ്പൂജ നടക്കും. മണ്ണാറശാലയിലെ ദർശന പ്രാധാന്യമുള്ള ചടങ്ങാണിത്. രാവിലെ 6ന് ഭാഗവതപാരായണം, 8ന് ഏവൂർ രഘുനാഥൻ നായരുടെ ഓട്ടൻതുള്ളൽ, 9.30ന് കലാമണ്ഡലം ബിലഹരിയുടെ സോപാനസംഗീതം. 11ന് ഡോ. മണക്കാല ഗോപാല കൃഷ്ണന്റെ സംഗീതസദസ്സ്, ഉച്ച യ്ക്ക് ഒന്നിന് പ്രഫ ടി ഗീതയുടെ ആധ്യാത്മിക പ്രഭാഷണം, 2ന് ശ്രീരാഗം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, വൈകിട്ട് 4ന് തൃക്കാർത്തിക തിരുവാതിര സംഘത്തിന്റെ തിരുവാതിര, 5ന് ധന്യനന്ദകുമാർ കാരിയ്ക്കാമാഠത്തിന്റെ ഭരതനാട്യം, 6.30ന് രാമ കൃഷ്ണൻ മൂർത്തിയുടെ സംഗീതസദസ്സ്, രാത്രി 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളയതലമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം വലിയമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, 9.30ന് കഥകളി.ആയില്യം നാളായ 26 ന് (ശനി )പുലർച്ചെ 4ന് നട തുറക്കും. 6ന് കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും.
ഭഗവാൻ വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തർക്ക് ദർ ശനം നൽകും.10ന് കുടും ബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവ യുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുമ്പോൾ വലിയമ്മ സാവിത്രി അന്തർജനം ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാർഎന്നിവർ വലിയമ്മയെ അനുഗമിക്കും. വലിയമ്മ ശ്രീകോവിലിൽപ്രവേശിച്ച് ശ്രീകോവിലിൽ നിന്നും കുത്തുവിളക്കിലേക്ക് ദീപംപകരുന്നതോടെ ആയില്യം എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവഎന്നിവ മുഴങ്ങും.
12ന് വലിയമ്മനാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സർപ്പ യക്ഷിയമ്മയുടെയും കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തേക്ക് എത്തും. പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്തിന് രാജചിഹ്നങ്ങളായ ഛത്ര‑ചാമര‑ധ്വജങ്ങൾ, പഞ്ചവാദ്യം, നാഗസ്വരം, തകിൽ, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങൾ അകമ്പടി സേവിക്കും. എഴുന്ന ള്ളത്ത് ഇല്ലത്ത് എത്തിയതിനുശേഷം വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജ നടക്കും. വല്യമ്മയുടെ പൂജകൾ പൂർത്തിയായ ശേഷം നൂറും പാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലുംഎന്നിവ നടക്കും.പൂയം ആയില്യം നാളുകളിൽ രാവിലെ 10 മുതൽ ക്ഷേത്രത്തോട് ചേർന്നുള്ള സ്‌കൂൾ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ പ്രസാദ മുട്ട്നടക്കും.