താമല്ലാക്കൽ ‑മണ്ണാറശാല റോഡ് തകർന്നു വെള്ളക്കെട്ടായി. റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. മഴക്കാലം ശക്തമായതോടെ റോഡ് വെള്ളത്തിലുമായി. റോഡിലെ കുഴികൾ അറിയാതെ വരുന്ന ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കുമാരപുരം ഏഴാം വാർഡിൽ ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് തെക്കുവശം നിന്ന് മണ്ണാറശാലയിലേക്ക് പോകുന്ന റോഡാണിത്. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. മണ്ണാറശാല ക്ഷേത്രം, യുപി സ്കൂൾ, ഹരിപ്പാട് ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിയാണിത്.
ദേശീയപാതയിൽ ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാർക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. വിദ്യാർഥികൾ വെള്ളക്കെട്ടായ റോഡിൽ കൂടി സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യ സംഭവമാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് താമല്ലാക്കൽ ജംഗ്ഷനിൽ എത്തിച്ചേരണമെങ്കിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടി മുട്ടോളം വെള്ളത്തിൽ നീന്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ദുരവസ്ഥ മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ജനപ്രതിനിധികളോ മുൻകൈ എടുക്കുന്നില്ലെന്ന് വ്യാപകമായ പരാതിയാണ് നാട്ടുകാർക്ക്. നൂറുകണക്കിന് ആളുകളും വാഹനങ്ങളും യാത്ര ചെയ്യുന്ന റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
English Summary: Mannarashala road collapsed and became waterlogged