Site iconSite icon Janayugom Online

കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് അയച്ചപ്പോഴും അത് ചേച്ചി ആണെന്ന് അറിഞ്ഞില്ല: വേദനയോടെ എസിപി

തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു കേശവദാസപുരത്ത് നടന്ന വീട്ടമ്മ മനോരമയുടേത്. പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശംഖുമുഖം എസിപി ഡി കെ പൃഥ്വിരാജ് രജത്ത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു കൂറിപ്പാണ് ഇപ്പോള്‍ ഏവരെയും ദുംഖത്തിലാഴ്ത്തുന്നത്. മരിച്ച മനോരമ തന്റെ സഹപ്രവര്‍ത്തകയായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോഴും ടാർപ്പ വിരിച്ച് കിടത്തി അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനൊരുങ്ങുമ്പോഴും അത് സഹപ്രവര്‍ത്തകയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് വേദനയോടെ എസിപി പറയുന്നു.

പഴയ സഹപ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവത്തില്‍ മനോരമ ചേച്ചിയുടെ ആത്മാവിനോട് മാപ്പ് ചോദിച്ചുകൊണ്ടാണ് എസിപിയുടെ കുറിപ്പ്.

എസിപി ഡി കെ പൃഥ്വിരാജ് രജത്തിന്റെ കുറിപ്പ് :

കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം Acp ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷൻ്റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല.….…. സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണൻ്റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്.…… SI ആകുന്നതിന് മുമ്പ് 6 വർഷം കോളെജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും .…… 2003 ൽ ഡിസി ഓഫീസിൽ നിന്നു പോലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല .…… കാലമേല്പിച്ച ഓർമ്മക്ഷതങ്ങളാണോ .…… നിർവ്വഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവ്വികാരതകൊണ്ടാണോ .…… ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതുകൊണ്ടാണോ .…… മനപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാരമായ തെറ്റ് തന്നെയാണ്.
മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ.……മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ് .….…. അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട്അനുശോചനം അറിയിച്ചിരുന്നു .…… ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ .….….

Eng­lish Sum­ma­ry: manora­ma mur­der case acp prith­wiraj rajath heart break­ing fb post
You may also like this video

Exit mobile version