Site iconSite icon Janayugom Online

മൺപുഴയുടെ സ്മൃതിമണ്ഡപം

അന്നിവിടെ വിരുന്നു വന്നൊരു
മലമുത്തൻ തുമ്പിയുടെ നെഞ്ചിനകത്ത്
എന്നെക്കുറിച്ചു നിറയെ കഥയുണ്ട്
ഓണത്തുമ്പിയുടെ നാവിൻതുമ്പിൽ
എന്നെകുറിച്ചു സുന്ദരമായ പാട്ടുണ്ട്
ഇന്നവൾ ഓണമുണ്ണാനെത്തുമ്പോൾ
അവളോടു ഞാനിനിയെന്തു ചൊല്ലണം
അവൾ മുങ്ങിക്കുളിച്ചാ കാട്ടാറുകളില്ല
ഓണംവിളി കേട്ടിരുന്നാ കാട്ടുതെന്നലില്ല
തേനെടുത്തുണ്ണാനിവിടെ പൂങ്കാവനങ്ങളില്ല
അവളന്നു കണ്ടുപോയ ആ ഞാനിന്നില്ല
നിത്യമവളെ മാടി മാടി വിളിക്കാറുള്ള
ആ കുഞ്ഞിളം കൈകളിന്നെവിടെപ്പോയി
സ്വപ്നങ്ങൾ വില്‍ക്കാനറിയാതിരുന്നാ
മാനവ ജീവിതങ്ങളിന്നെവിടെപ്പോയി
മാബലിരാജ രാജരാജ രാജാധിപന്റെ
ആ പൊൻ പ്രജകളിന്നെവിടെപ്പോയി
ജീർണസ്വപ്നങ്ങളൊന്നായ് ചേർന്ന്
മരവിച്ചുക്കിടക്കുന്നൊരു ദുഃസ്വപ്നം
ഒരു മൺപുഴയുടെ സ്മൃതിമണ്ഡപം
ഉരുളെടുത്തഴുകിപ്പോയ ജീവിതങ്ങൾക്ക്
ശോണിതമാർന്നൊരു സ്മൃതിമണ്ഡപം
ഉരുൾപ്രളയത്തിന്നിരുൾ സന്തതിയുടെ
ഉറഞ്ഞുത്തീർന്നൊരു സ്മൃതിമണ്ഡപം
വില്‍ക്കാൻ സ്വപ്നങ്ങളവശേഷിപ്പിക്കാതെ
നാമാവശേഷമായ ജനതയുടെ സ്മൃതിമണ്ഡപം 

Exit mobile version