Site iconSite icon Janayugom Online

കൂടൽ മാണിക്യം വിലക്കിയ മൻസിയയെ സ്വാഗതം ചെയ്ത് കോഴിക്കോട്

അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ അവസരം നിഷേധിക്കപ്പെട്ട നർത്തകി വി പി മൻസിയയുടെ ക്ലാസിക്കൽ നൃത്തം 21 ന് കോഴിക്കോട്ട് നടക്കും.  ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി 21- ാം തിയ്യതി കൂടൽ മാണിക്യം ക്ഷേത്രത്തില്‍  ഭരതനാട്യം അവതരിപ്പിക്കാനായിരുന്നു മൻസിയയെ ക്ഷണിച്ചത്. നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്രഭാരവാഹികളിൽ നിന്ന് വിലക്ക് നേരിട്ടത്. കൂടൽ മാണിക്യത്തിൽ നൃത്തമാടേണ്ട അതേ ദിവസം വൈകീട്ട് ആറിനാണ് മൻസിയ റെഡ് യംഗ്സ് വെള്ളിമാടുകുന്ന് നേതൃത്വത്തിൽ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ ചുവടുവെയ്ക്കുക. ഒരു കലാകാരിയോട് ക്ഷേത്ര ഭരണ സമിതി പെരുമാറിയ രീതിയോലുള്ള പ്രതികരണമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് റെഡ് യംഗ്സ് പ്രതിനിധി ബൈജു മേരിക്കുന്ന് പറഞ്ഞു. റെഡ് യംഗ്സിന്റെ സാംസ്ക്കാരിക വിഭാഗമായ മഞ്ചാടിക്കുരുവിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മലപ്പുറം വള്ളുവമ്പ്രം സ്വദേശിയായ മൻസിയ ക്ഷേത്രകലകൾ പഠിച്ചതിന്റെ പേരിൽ മഹല്ല് കമ്മിറ്റിയുടെ വിലക്കുകൾ നേരിട്ടിരുന്നു. പിന്നീട് അഹിന്ദുവെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ നൃത്തവേദിയിൽ നിന്നും വിലക്കി. മതവാദികളുടെ എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും സധൈര്യം നേരിട്ട് മുന്നോട്ടുപോകുന്ന മൻസിയയ്ക്ക് പിന്തുണ നൽകുകയാണ് റെഡ് യംഗ്സ് വെള്ളിമാടുകുന്ന്. വിപി മൻസിയക്ക് നൃത്തം അവതരിപ്പിക്കാനുള്ള വേദികൾ ഒരുക്കുമെന്ന് എഐവൈഎഫ് ഉൾപ്പെടെയുള്ള സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version