കൈകൊണ്ട് നിയന്ത്രിക്കാവുന്ന കുഞ്ഞന്‍ മോട്ടോര്‍ ഉന്തുവണ്ടി ശ്രദ്ധേയമാകുന്നു. വഴിയില്ലാത്തയിടങ്ങളിലും കുന്നിന്‍ മുകളിലും കുത്തനെ ചെരിഞ്ഞ കൃഷിയിടങ്ങളിലുമെല്ലാം അനായാസം എത്തിക്കുവാന്‍ കഴിയുന്ന ചെറിയ ഉന്തുവണ്ടിയാണ് കൊച്ചറ സ്വദേശി കായലില്‍ വീട്ടില്‍ മനു ജോസഫ് വികസിപ്പിച്ച് എടുത്തത്. സ്‌കൂട്ടിയുടെ മോഡല്‍ വലത് കൈയ്യില്‍ ആക്‌സിലേറ്ററും ഇടത് കൈ കൊണ്ട് ബ്രയ്ക്കും ഉപയോഗിച്ച് മോട്ടറില്‍ പ്രവര്‍ത്തിക്കുന്ന ഈ ചെറു വാഹനം നിയന്ത്രിക്കുാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എഡ്വിന്‍ അഗ്രോ കാര്‍ട്ട് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഓട്ടോ മൊബൈല്‍ എഞ്ചിനിയറിംഗിന് ശേഷം വിദേശത്ത് ജോലി ചെയ്തിരുന്ന മനു കോവിഡ് കാലത്ത് തിരികെ നാട്ടിലെത്തിയപ്പോഴാണ് കൃഷിയിടത്തിലേയ്ക്കുള്ള ചുമട്ട്കാരനെ വികസിപ്പിച്ചെടുത്തത്.
ഒരു വര്‍ഷത്തോളം എടുത്ത വിവിധ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ ചെറുവാഹനത്തിന്റെ പൂര്‍ണ്ണ രൂപത്തില്‍ എത്തിയത്. എഴ് എച്ച്പിയുടെ 210 സിസി പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാഹനം കൈകള്‍കൊണ്ട് യഥേഷ്ടം നിസാരമായി നിയന്ത്രിയ്ക്കാനാവും. ഒരു മണിക്കൂര്‍ ഫുള്‍ ലോഡുമായി പോകുന്നതിന് 600 മില്ലി ലിറ്റര്‍ പെട്രോള്‍ മാത്രമാണ് വേണ്ടിവരികയെന്ന് മനു പറയുന്നു. ഭൂമിയുടെ കിടപ്പും, കയറ്റവും അനുസരിച്ച് 150 കിലോ വരെ ഒറ്റയടിയ്ക്ക് ആയാസരഹിതമായി കയറ്റി കൊണ്ടുപോകുവാന്‍ കഴിയും. ഇതിലെ ബോക്‌സ് പൊക്കി മാറ്റാവുന്ന രീതിയിലായതിനാല്‍ ബുദ്ധിമുട്ടില്ലാതെ സാധനങ്ങള്‍ ഇറക്കുവാനും കഴിയും.
ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ ഉപയോഗിച്ച് തന്നെ വിളകള്‍ക്ക് മരുന്നും വെള്ളവും തളിയ്ക്കുവാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.
കര്‍ഷകന്റെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം തൊഴിലാളി ക്ഷാമത്തിനും അമിത വേതനം നല്‍കുന്നതിനൊക്കെ പരിഹാരമാവുകയാണ് ഈ ചെറു വാഹനം. ആവശ്യക്കാര്‍ ഏറിയതോടെ ഈ ചെറുവാഹനം നിര്‍മ്മിച്ച് നല്‍കുവാനും തുടങ്ങി. 57,000 രൂപയാണ് ജിഎസ്റ്റി അടക്കം വില്‍പ്പന നടത്തി വരുന്നത്. ഭാര്യ :ഷൈജി, ഇരട്ടകളായ മിശ, മിന്‍ഹാ, എഡ്വിന്‍ എന്നിവരാണ് മക്കള്‍.
English Summary:Manu with the cart that arrives easily in agriculture field
You may also like this video