Site iconSite icon Janayugom Online

വെല്ലുവിളികളേറെ; തെരഞ്ഞെടുപ്പിനോട് അടുത്ത് നേപ്പാള്‍

നിയമപരവും ഭരണഘടനപരവും സാമൂഹികപരവുമായ വെല്ലുവിളികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി നേപ്പാള്‍. മാര്‍ച്ച് അഞ്ചിനാണ് നേപ്പാളിലെ തെരഞ്ഞെടുപ്പ് നടക്കുക. ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജെന്‍ സി പ്രക്ഷോഭത്തിന് പിന്നാലെ ചുമതലയേറ്റ സുശീല കാര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രാജ്യത്തെ പുതിയ പ്രതിനിധി സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, സൈനീക വിന്യാസം തുടങ്ങി തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. കാര്‍ക്കി അധികാരമേറ്റെടുത്തിന് പിന്നാലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളും പുനരാരംഭിച്ചിരിക്കുകയാണ്. 

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനും നയരൂപീകരണത്തിനുള്ള തിരക്കുകളിലാണ്. പുതിയ പാര്‍ട്ടികളും പ്രചരണവും സ്ഥാനാര്‍ത്ഥി നിര്‍ണയവും നടത്തിവരുകയാണ്. കഴിഞ്ഞ മാസം 27ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (യുണിഫൈഡ് മാക്സിസ്റ്റ്-ലെനിനിസ്റ്റ്) പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ശങ്കര്‍ പൊഖറെലുമായി കാര്‍ക്കി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മുതിര്‍‍ന്ന നേതാക്കളായ കെ പി ശര്‍മ ഒലി, പുഷ്പ കമാല്‍ ദഹല്‍, ഷേര്‍ ബഹാദുര്‍ ദ്യൂബ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നില്ലെങ്കിലും മാനദണ്ഡങ്ങള്‍ അപര്യാപ്തമാണെന്ന നിലപാടിലാണ് യുഎംഎല്‍. ഇതില്‍ പ്രധാനമായുള്ളത് ഒലിയുടെ യാത്രാ നിയന്ത്രണങ്ങളാണ്. കാഠ്മണ്ഡു പ്രതിഷേധങ്ങള്‍ സംബന്ധിച്ച അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്ന കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒലിക്ക് കര്‍ശന യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്മിഷന്‍ അനുമതിയില്ലാതെ കാഠ്മണ്ഡു താഴ്‌വര വിടാന്‍ കഴിയാത്ത സാഹചര്യമാണ് ഒലിക്ക്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മാത്രമേ യാത്രനിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുവെന്നും നിരീക്ഷണങ്ങളുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമാകണോ പാര്‍ലമെന്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കണമോ എന്നത് സംബന്ധിച്ച് യുഎംഎല്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത് സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവിലെ അസ്ഥിരതയെ ചെറുക്കുന്നതിനുള്ള ഏക പോംവഴിയെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് നേപ്പാളി കോണ്‍ഗ്രസ് ഔദ്യോഗികമായ പിന്തുണ നല്‍കിയിട്ടുണ്ട്. പുഷ്പ കമാല്‍ ദഹലിന്റെ നേതൃത്വത്തിലുള്ള നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയും വോട്ടെടുപ്പിന്റെ ഭാഗമാകും. ചെറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ദഹലിന്റെ ലക്ഷ്യം. മാവോയിസ്റ്റ് വിഭാഗവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

അഴിമതിക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കുമെതിരെ നേപ്പാളിലുണ്ടായ ജെന്‍ സി പ്രക്ഷോഭമാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ആക്കം കൂട്ടിയത്. 137ല്‍ അധികം പാര്‍ട്ടികള്‍ ഇതിനോടകം തെരഞ്ഞെടുപ്പിന് സന്നദ്ധത അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022ലെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. 82 പാര്‍ട്ടികളാണ് അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിരമിച്ച സുരക്ഷാ ജീവനക്കാര്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം രാഷ്ട്രീയ ഗോദയിലുണ്ട്. ബുദ്ധ എയര്‍ ഉടമ ബീരേന്ദ ബഹദൂര്‍ ബാസ്നെറ്റ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പ്രധാന പാര്‍ട്ടികള്‍ക്കുള്ളില്‍ എതിര്‍പ്പുകളും പിളര്‍പ്പുകളും വര്‍ധിച്ചു. കൂടുതല്‍‍ പേരും നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായേക്കുമെന്നാണ് സൂചനകള്‍. ജെന്‍ സി നേതൃത്വത്തിലുള്‍പ്പെടെയുള്ള പുതിയ പാര്‍ട്ടികളും തെരഞ്ഞെടുപ്പിന്റെ പ്രതീക്ഷകളാണ്. രാജ്യത്തെ മുഴുവന്‍ തെര‍ഞ്ഞെടുപ്പ് പ്രക്രിയകളും നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തലവനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നതാണ് മറ്റൊരു വെല്ലുവിളി. കമ്മിഷണര്‍ റാം പ്രസാദ് ഭണ്ഡാരിക്കാണ് നിലവില്‍ താല്കാലിക ചുമതലയുള്ളത്. വോട്ടര്‍ പട്ടിക നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 1,01,674 പുതിയ വോട്ടര്‍മാരെ ചേര്‍ത്ത് 19,03,324 പേരുടെ പട്ടിക കമ്മിഷന്‍ പുറത്തുവിട്ടിരുന്നു. ജെന്‍ സി പ്രക്ഷോഭം കൂടുതല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പ്രോത്സാഹിപ്പിച്ചുവെന്നുവേണം കണക്കാക്കാന്‍. 

തെരഞ്ഞെടുപ്പ് സമയത്തെ സുരക്ഷാ വെല്ലുവിളി ചെറുക്കുകയെന്നതാണ് പരമപ്രധാനം. സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടന്ന പ്രതിഷേധങ്ങളില്‍ നിരവധി പൊലീസുകാര്‍ കൊല്ലപ്പെട്ടു, ഒട്ടനവധിപ്പേര്‍ക്ക് പരിക്കേറ്റു. 1200 ഓളം ആയുധങ്ങള്‍ മോഷ്ടിക്കപ്പെട്ടു. 400 പൊലീസ് പോസ്റ്റുകള്‍ക്ക് തീയിട്ടു. തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കുന്നതിന് പൊലീസ് സേന പര്യാപമാണോയെന്ന ആശങ്ക വര്‍ധിപ്പിക്കുന്ന സംഭവങ്ങളാണിവ. അതിനാല്‍ തന്നെ നേപ്പാള്‍ സൈന്യമായിരിക്കും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. സൈനീക വിന്യാസത്തിന് പ്രസിഡന്റ് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള വെല്ലുവിളികള്‍ അനേകമുണ്ടെങ്കില്‍ ഇനി ഇതില്‍ നിന്ന് പിന്മാറുകയോ തെരഞ്ഞെടുപ്പ് തീയതി നീട്ടിവയ്ക്കുകയോ ചെയ്യുന്നത് അസാധ്യമാണ്. തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി മാത്രമാണ് കാര്‍ക്കിയെ ആറുമാസ കാലവധിയില്‍ നിയമിച്ചത്. നിശ്ചിത സമയപരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഭരണഘടനാ പരമായും നിയമപരമായുമുള്ള വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. പാര്‍ലമെന്റ് പിരിച്ചുവിട്ടതിനെതിരെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിട്ടുകളാണ് മറ്റൊരു വെല്ലുവിളി. ഇതിലെ പ്രാഥമിക വാദം കേള്‍ക്കലും പൂര്‍ത്തിയായതാണ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കാന്‍ കോടതിയും നിര്‍ബന്ധിതമാകും. പാര്‍ലമെന്റ് പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടാല്‍ അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. 

Exit mobile version