Site icon Janayugom Online

പാവുക്കരയിൽ നിരവധി വീടുകളിൽ വെള്ളം കയറി

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. പാവുക്കരയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മാന്നാർ പഞ്ചായത്ത് 2, 3, വാർഡുകളിലെ പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, എന്നിവിടങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി.
മാന്നാർ മൂർത്തിട്ട മുക്കാത്താരി റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള യാത്ര നിലച്ചതോടെ ഇടറോഡുകളിൽ കൂടി മുട്ടറ്റം വെള്ളത്തിലൂടെ നീന്തിയാണ് പലരും മാന്നാർ‑വീയപുരം റോഡിലേക്കെത്തുന്നത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണു നിരവധി വീടുകളും വൈദ്യുതി ലൈനുകലക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആഞ്ഞിലി മരം വീണു പാവുക്കര പടിഞ്ഞാറ് പാലപ്പറമ്പിൽ കിഴക്കേതിൽ ഗോപിയുടെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു.
പാവുക്കര ഇടത്തേൽ കലുങ്കിനു സമീപം വലിയമാവ് കടപുഴകി വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് വീണത് വൈദ്യുതി ബന്ധം താറു മാറിലാക്കി. ബുധനാഴ്ച രാത്രി മോസ്കോ മുക്കിനു തെക്കോട്ടുള്ള റോഡിൽ വൈദ്യുത ലൈനിലേക്ക് ആഞ്ഞിലി മരം വീണതിനെ തുടർന്ന് ആറോളം വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണു. കെഎസ്ഇബി മാന്നാർ ടീം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ച് ആറു പോസ്റ്റുകളും മാറിയിടുകയും ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. ജനപ്രതിനിധികളും ദുരിതാശ്വാസ പ്രവർത്തകരും വെള്ളം കയറിയ വീടുകൾ സന്ദർശിച്ചു. ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.
ബുധന്നൂർ പഞ്ചായത്തിൽ വെള്ളം കയറിയ വീടുകളിൽ നിന്നും വൃദ്ധരായ രോഗികളെയും, ഗർഭിണികളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ചെന്നിത്തല പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.

Exit mobile version