Site iconSite icon Janayugom Online

മാവോയിസ്റ്റ് വേട്ട 21 ദിവസം; മരണം 31

ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയായ ബീജപൂരില്‍ ഒരുമാസത്തിനിടെ 31 മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വെടിവച്ച് കൊന്നു. 17 സ്ത്രീകളും 14 പേര്‍ പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. 22 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓപ്പറേഷന്‍ കരഗുട്ട എന്ന പേരില്‍ 21 ദിവസമായി നടന്ന മാവോയിസ്റ്റ് വേട്ടയിലാണ് 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് ഛത്തീസ്ഗഢ് ഡിജിപി അരുണ്‍ ദേവ് ഗൗതം, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജിപി സിങ് എന്നിവര്‍ പറഞ്ഞു. ഇവരില്‍ നിന്നും തോക്കും വെടിക്കോപ്പുകളും പിടികൂടി. 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നേരത്തെയും 2026 ല്‍ രാജ്യത്ത് നിന്ന് മുഴുവന്‍ മാവോയിസ്റ്റുകളെയും ഇല്ലായ്മ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയിരുന്നു. 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ടായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട നടത്തിയത്. ബസ്തര്‍ ഫൈറ്റേഴ്സ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, ഛത്തീസ്ഗഢ് സംസ്ഥാന പൊലീസ്, സിആര്‍പിഎഫ്, കോബ്ര യൂണിറ്റ് ഉദ്യോഗസ്ഥരെയാണ് ബസ്തര്‍, ദന്തേവാഡ, ബീജപൂര്‍ മേഖലകളില്‍ വിന്യസിച്ചത്. അതേസമയം 26 പേരെ സുരക്ഷാസേന കൊലപ്പെടുത്തിയതായി മാവോയിസ്റ്റ് വക്താവ് അഭയ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. 

ധാതുലവണങ്ങളാലും പ്രകൃതി വിഭവങ്ങളാലും സമ്പുഷ്ടമായ ഛത്തീസ്ഗഢില്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് ഖനനത്തിനും ഫാക്ടറികള്‍ സ്ഥാപിക്കാനും വനഭൂമി വിട്ടുനല്‍കുന്നതിനെ ആദിവാസികള്‍ അടക്കമുള്ളവര്‍ എതിര്‍ത്ത് വരികയാണ്. എതിര്‍ക്കുന്നവരെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി ഏറ്റുമുട്ടലില്‍ വധിക്കുകയാണെന്ന് വ്യാപക വിമര്‍ശനം നിലനില്‍ക്കെയാണ് 31 പേരെ കൊലപ്പെടുത്തിയെന്ന് സുരക്ഷാ സേന അവകാശപ്പെടുന്നത്. നിരവധി പൗരസംഘടനകളും രാഷ്ട്രീയ കക്ഷികളും മാവോയിസ്റ്റുകളെ ഏകപക്ഷീയമായി കൊല്ലുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സിപിഐ (മാവോയിസ്റ്റ്) വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഓപ്പറേഷന്‍ തുടരുകയാണ്. സിപിഐ മാവോയിസ്റ്റ് തെലങ്കാന ഘടകം ആറ് മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരുപാധികം കീഴടങ്ങണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അടുത്ത വര്‍ഷം മാര്‍ച്ചോടെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുക എന്ന മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിനാല്‍ ചര്‍ച്ച നടത്തില്ലെന്ന് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ ബിജെപി അധികാരമേറ്റ ശേഷം (2024–25) 455 പേരെ കൊലപ്പെടുത്തിയെന്നും ബസ്തറില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും മോശമായ കാലമാണിതെന്നും ഡല്‍ഹി യൂണിവേഴ്സിറ്റി സോഷ്യോളജി പ്രൊഫസര്‍ നന്ദിനി സുന്ദര്‍ പറഞ്ഞു. മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തി സമാധാനം പുനഃസ്ഥാപിക്കുന്നത് ഒരു നേട്ടമായി കണക്കാക്കാന്‍ കേന്ദ്രം തയ്യാറാകാത്തതെന്താണെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. 

Exit mobile version