Site iconSite icon Janayugom Online

ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട; 10 പേരെ വെടിവച്ച് കൊലപ്പെടുത്തി

maoistsmaoists

ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. ഗരിയബന്ദ് ജില്ലയില്‍ മയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ഗരിയബന്ദ് ഡിആര്‍ജി, പ്രത്യേക ദൗത്യവിഭാഗം, സിആര്‍പിഎഫിലെ കമാന്‍ഡോവിഭാഗമായ കോബ്ര എന്നിവരുള്‍പ്പെട്ട സംഘമാണ് വെടിയുതിര്‍ത്തത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മുതിർന്ന മാവോയിസ്റ്റ് കമാൻഡറും കേന്ദ്ര കമ്മിറ്റി അംഗവുമായ മോദം ബാല കൃഷ്ണയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബാലണ്ണ എന്നും ഭാസ്കര്‍ എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1983 മുതല്‍ സംഘടനയിലെ അംഗമായിരുന്നു. നിലവിൽ ഒഡിഷ സ്റ്റേറ്റ് റീജിയണൽ കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായിരുന്നു. ഒഡിഷ സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ് എന്ന പാണ്ഡുവും കൊല്ലപ്പെട്ടതായി റായ‌്പൂർ ഐജി അമ്രേഷ് മിശ്ര പറഞ്ഞു. 

ഏതാനും മാസങ്ങളായി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടെ മുഴുവന്‍ മാവോയിസ്റ്റുകളെയും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തിയിരുന്നു. ബുധനാഴ്ച കങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാസ എന്നറിയിപ്പെടുന്ന മാവോയിസ്റ്റ് നേതാവിനെ കൊലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ദന്തേവാഡ ജില്ലയിൽ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സിആർ‌പി‌എഫിന്റെ 195 ബറ്റാലിയനിലെ രണ്ടംഗങ്ങള്‍ക്ക് പരിക്കേറ്റു. 

Exit mobile version