ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് അനുഭാവമുള്ള നിരോധിതാ സംഘടനാ നേതാവിനെ കോഴിക്കോട് നിന്ന് പിടികൂടി. ഝാര്‍ഖണ്ഡ് ദാബാ ജില്ലയിലെ കുളംഗൂര്‍ മേഖലയിലെ അജയ് ഒറാഓണ്‍ (27) ആണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. മാവോയിസ്റ്റ് അനുകൂല സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാ കമാന്‍ഡറാണ് അജയ്. ഝാര്‍ഖണ്ഡ് പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അജയ്. അജയ് യുടെ മൊബൈല്‍ ഫോണ്‍ ടവര്‍ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് പന്തീരാങ്കാവിലുള്ളതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള പോലീസ് പന്തീരാങ്കാവ് എത്തുകയും പന്തീരാങ്കാവ് പോലീസിന്റെ സഹായത്തോടെ അജയ് താമസിക്കുന്ന സ്ഥലം കണ്ടെത്തുകയുമായിരുന്നു.
കൈമ്പാലത്ത് ഇതരദേശ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലായിരുന്നു അജയ് താമസിച്ചിരുന്നത്. മൂന്നുമാസം മുമ്പാണ് പന്തീരാങ്കാവില്‍ എത്തിയത്. വ്യാജപേരിലാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിന് മുമ്പും അജയ് കേരളത്തില്‍ എത്തിയിരുന്നതായും പോലീസ് അറിയിച്ചു. ഗ്രാമീണ റോഡ് നിര്‍മാണ സാമിഗ്രികള്‍ കത്തിച്ചതുമായി ബന്ധപ്പെട്ടും നിരോധിത സംഘടനയായ പിഎല്‍എഫ്‌ഐയുടെ ലഘുലേഖകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് അജയ്. ബിഷ്ണുപൂര്‍ പോലീസാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. അതേസമയം അജയ്ക്ക് കേരളത്തിലെ മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് കേന്ദ്ര‑സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:Maoist leader arrested in Kozhikode
You may also like this video