നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി തിപ്പിരി തിരുപ്പതി എന്ന ദേവുജി തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി. രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ഉയർന്ന നേതാക്കളിലൊരാളായ ദേവുജിക്കൊപ്പം പോളിറ്റ് ബ്യൂറോ അംഗം മല്ല രാജി റെഡ്ഡി (സംഗ്രാം-76) ഉൾപ്പെടെ 16 പ്രധാന പ്രവർത്തകരും ആയുധം വെച്ച് കീഴടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതനമായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
തെലങ്കാന‑ഛത്തീസ്ഗഡ് അതിർത്തിയിലെ കരേഗുട്ട വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റ് വിരുദ്ധ വിഭാഗമായ ഗ്രേഹൗണ്ട്സും സംയുക്തമായി നടത്തിവന്ന കടുത്ത തിരച്ചിലിനെത്തുടർന്നാണ് നേതാക്കൾ കീഴടങ്ങാൻ തീരുമാനിച്ചത്.
ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മുൻ ജനറൽ സെക്രട്ടറി ബസവരാജു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ദേവുജി സംഘടനയുടെ അമരത്തെത്തിയത്. കീഴടങ്ങിയ മുതിർന്ന നേതാക്കളിൽ പലരും വാർദ്ധക്യസഹജമായ രോഗങ്ങളാൽ വലയുകയാണെന്നും സംഘടനയ്ക്കുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണെന്നും റിപ്പോർട്ടുകളുണ്ട്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകൾ ഇവർക്കും ലഭ്യമാക്കുമെന്നാണ് സൂചന.
മാവോയിസ്റ്റ് നേതാവ് ദേവുജി കീഴടങ്ങി

