Site iconSite icon Janayugom Online

മാവോയിസ്റ്റ് കൂട്ടക്കൊല തുടരുന്നു; ഏഴുപേരെക്കൂടി കൊലപ്പെടുത്തി സുരക്ഷാ സേന

ഛത്തീസ്ഗഢിലെ ബീജപൂര്‍ ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കില്‍ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ജൂണ്‍ അഞ്ച് മുതല്‍ മൂന്നു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തകരെ മൃഗീയ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന് അവകാശ സംഘടനകള്‍ ആരോപിച്ചു.
10 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി നേരത്തെ സുരക്ഷാസേന അവകാശം ഉന്നയിച്ചിരുന്നു. പിന്നീട് ഇവരെ നിഷ്കരുണം ഭീകര മര്‍ദനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് ആരോപണം. ജൂണ്‍ അഞ്ചിനും ആറിനും ഇടയില്‍ മൂന്നുപേരും ഏഴിന് നാല് പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് തെലങ്കാന സിവില്‍ ലിബര്‍ട്ടി അസോസിയേഷന്‍ പ്രഡിഡന്റ് ഗദ്ദം ലക്ഷ്മണ്‍, സെക്രട്ടറി എം നാരായണ റാവു എന്നിവര്‍ പറഞ്ഞു. 

കൊല്ലപ്പെട്ടവരില്‍ രണ്ട് പേരുടെ മൃതദേഹം മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത 10 മാവോയിസ്റ്റുകളുടെയും പേരുകള്‍ സംഘടനകള്‍ പുറത്തുവിട്ടു. ജൂൺ അഞ്ചിന് കൊല്ലപ്പെട്ട സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം ടെന്റു ലക്ഷ്മി നരസിംഹ ചലം എന്ന സുധാകർ, ആറിന് കൊല്ലപ്പെട്ട തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം മൈലാരപു അഡേലു എന്ന ഭാസ്കർ എന്നിവരുടെ പേരുകള്‍ ഇതിലുൾപ്പെടുന്നു. മരിച്ചതായി പൊലീസ് സ്ഥീരികരിച്ചത് ഇവരെയാണ്. മരിച്ചവരില്‍ തിരിച്ചറിയാത്ത രണ്ട് സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉള്‍പ്പെടുന്നതായി ബീജാപൂര്‍ ജില്ലാ പൊലീസ് മേധാവി ജിതേന്ദ്ര കുമാര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഡിവിഷണല്‍ കമ്മിറ്റി അംഗം രാമണ്ണ, നാഷണല്‍ പാര്‍ക്ക് ഏരിയ കമ്മിറ്റി സെക്രട്ടറി ദീലിപ്, ദണ്ഡകാരണ്യ വനിത കമ്മിറ്റി സെക്രട്ടറി സിതു, ഏരിയാ കമ്മിറ്റി അംഗങ്ങളായ സുനിത, മഹേഷ്, മുന്ന എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറെടുത്തവരെയാണ് സുരക്ഷാസേന മൃഗീയമായി പീഡിപ്പിച്ചശേഷം വകവരുത്തിയത്. സിവില്‍ വേഷത്തിലാണ് പൊലീസ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യാന്‍ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്ഥിരമായി ഛത്തീസ്ഗഢ് പൊലീസും സിആര്‍പിഎഫും ഇതാണ് ആവര്‍ത്തിക്കുന്നത്. പിന്നീട് മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു എന്ന കഥ മെനയുകയാണ് പതിവെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

മാവോയിസ്റ്റുകളുമായി വെടിനിർത്തൽ പ്രഖ്യാപിക്കാനും സമാധാന ചർച്ചകൾ നടത്താനും ലക്ഷ്മണ്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയിലെ 18 മുതിർന്ന നേതാക്കൾ പൊലീസ് കസ്റ്റഡിയിലാണെന്ന് മധ്യസ്ഥൻ ജി ഹരഗോപാല്‍ ഉൾപ്പെടുന്ന സമാധാനത്തിനുള്ള ഏകോപന സമിതി പറഞ്ഞു. ഈ നേതാക്കൾക്ക് പൊലീസിൽ നിന്ന് ഗുരുതരമായ ഭീഷണിയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ കേന്ദ്രസർക്കാർ നടത്തിയ ഓപ്പറേഷൻ കംഗാറില്‍ 550 മാവോയിസ്റ്റുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സിവിൽ ലിബർട്ടീസ് കമ്മിറ്റി ജനറൽ സെക്രട്ടറി ലക്ഷ്മൺ റാവു പറഞ്ഞു. അവരിൽ 400 ഓളം പേർ ദരിദ്രരായ ആദിവാസികളായിരുന്നു. 

Exit mobile version