കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും അതിക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.
സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി സി ചന്ദ്രശേഖറിന്റെ വിധി. മുന്നോക്കജാതിയില്‍പ്പെട്ട 98 പേരെ ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പട്ടികവര്‍ഗ വിഭാഗക്കാരായ മഡിഗ സമുദായക്കാരായ മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് ശിക്ഷവിധിക്കുന്നത്.
2014 ഓഗസ്റ്റ് 28ന് ഗംഗാവതി താലൂക്കിലെ മരകുമ്പി ഗ്രാമത്തിലായിരുന്നു കര്‍ണാടക സംസ്ഥാനത്തെ നടുക്കിയ സംഭവം. സിനിമാ തിയേറ്ററിലുണ്ടായ സംഘര്‍ഷത്തിലായിരുന്നു തുടക്കം. തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പിലും ഹോട്ടലുകളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് പ്രതികള്‍ ദളിത് വിഭാഗക്കാര്‍ താമസിച്ച വീടുകള്‍ക്ക് നേരെ തീയിടുകയായിരുന്നു. 117 പ്രതികളില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തീവയ്പ്പില്‍ മൂന്ന് വീടുകള്‍ നിശേഷം കത്തിയമര്‍ന്നു. 30 ഓളം പേര്‍ക്കാണ് പൊള്ളലേറ്റത്. നിരവധിപേരെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തോളം മരകുമ്പി ഗ്രാമത്തില്‍ പൊലീസ് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സവര്‍ണ അതിക്രമങ്ങളെ ചെറുക്കാന്‍ നേതൃത്വം നല്‍കിയ വീരേഷ് മരകുമ്പി എന്ന ദളിത് നേതാവിനെ 2014‑ല്‍ കൊപ്പല്‍ റെയില്‍വേ സ്റ്റേഷനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
സാധാരണ ആള്‍ക്കൂട്ട ആക്രമണമല്ല ഉണ്ടായതെന്നും ജാതിവെറിയുടെ പേരില്‍ കൂട്ടക്കൊലപാതകത്തിനുള്ള ശ്രമമാണ് നടന്നതെന്നും ജഡ്ജി ഉത്തരവില്‍ നിരീക്ഷിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴും അവര്‍ ദുർബലരായി തുടരുകയാണെന്നും ജാതിയുടെ പേരില്‍ അപമാനങ്ങളും പീഡനങ്ങളും അഭിമുഖീകരിക്കുകയും ചെയ്യുന്നു. ആക്രമണങ്ങളിൽ ശാരീരിക ഉപദ്രവവും ഇരകളുടെ അന്തസിന് ക്ഷതമേല്‍പ്പിക്കുന്നതും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ പ്രതികളോട് ദയ കാണിക്കുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ഒരു രാഷ്ട്രം എത്ര വലുതാണെങ്കിലും, അത് അതിലെ ഏറ്റവും ദുർബലരായ ജനങ്ങളേക്കാൾ ശക്തമല്ലെന്ന ആഫ്രിക്കൻ-അമേരിക്കൻ ഗായിക മരിയൻ ആൻഡേഴ്സന്റെ വാക്കുകളും വിധിന്യായത്തില്‍ ജഡ്ജി ചന്ദ്രശേഖര്‍ ഉദ്ധരിക്കുന്നുണ്ട്. നിങ്ങൾ ഒരു വ്യക്തിയെ ബലമായി താഴ്ത്തിപ്പിടിക്കുമ്പോള്‍ അത് ഒരിക്കലും നിങ്ങളുടെ ഉയര്‍ച്ചയാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കുറ്റവാളികളില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്നും ദരിദ്രരായ കർഷകരാണെന്നും ചൂണ്ടിക്കാട്ടിയ കോടതി അവര്‍ക്ക് കനത്ത പിഴ ചുമത്തേണ്ടതില്ലെന്നും തീരുമാനിക്കുകയായിരുന്നു.