മറാത്ത സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ജല്‍നയില്‍ നടക്കുന്ന പ്രതിഷേധം ശക്തമായി. ഉപമുഖ്യമന്ത്രി അജിത് പവാർ ശിവസേന‑ബിജെപി സർക്കാരിൽ നിന്ന് പുറത്തുപോരണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന വിവിധ മറാഠ സംഘടനകൾ ആവശ്യപ്പെട്ടു. റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനവും നടത്തി. പൂനെ നഗരത്തിൽ, പ്രതിപക്ഷമായ ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ ഗ്രൂപ്പ്), കോൺഗ്രസ് എന്നിവ കോത്രൂഡ് ഏരിയയിൽ തെരുവിലിറങ്ങി മറാത്ത സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് സർക്കാരിന് സമരക്കാര്‍ മുന്നറിയിപ്പ് നൽകി. സമരക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെതിരെയും സമരക്കാര്‍ പ്രതിഷേധിച്ചു.
ബാരാമതിയിൽ മറാത്താ സംഘടനാ അംഗങ്ങൾ പ്രാദേശിക എൻസിപി എംഎൽഎയും ഉപമുഖ്യമന്ത്രിയുമായ അജിത്പവാറിനോട് സർക്കാർ വിടണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ബിജെപി നേതാവും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മറ്റൊരു ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർന്നു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായ ഫഡ്‌നാവിസ് കഴിഞ്ഞ വർഷം മറാഠാ സംവരണത്തിനായി ഒരു ശ്രമവും നടത്തിയിട്ടില്ല. മറാത്തകളുടെ ക്ഷമ പരീക്ഷിക്കരുത്”, ശരദ് പവാറിന്റെ അംഗമായ അങ്കുഷ് കകഡെ പറഞ്ഞു.
ജൽന ജില്ലയിലെ മറാഠികളുടെ പ്രക്ഷോഭം അടിച്ചമർത്താൻ സംസ്ഥാന സർക്കാരിൽ നിന്ന് പോലീസിന് ഉത്തരവ് ലഭിച്ചതായി അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെയും ശിവസേനയുടെയും (യുബിടി) പ്രാദേശിക നേതാക്കളും സമരത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച ജൽന ജില്ലയിലെ അന്തർവാലി സാരഥി ഗ്രാമത്തിൽ മറാഠാ ക്വാട്ടയ്ക്കായി നിരാഹാര സമരം നടത്തുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റാൻ അധികാരികളെ അനുവദിക്കാൻ പ്രതിഷേധക്കാർ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് ലാത്തിചാർജും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.
സമരത്തിനിടെ 15 ലധികം സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ കത്തിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 360 ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെ 2018ൽ മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ പ്രതിഷേധം തുടങ്ങിയത്.
English Summary: Maratha outfits demand Ajit Pawar to quit Maharashtra government