ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. എബോളയുമായി സാമ്യമുള്ള വെെറസാണ് മാര്‍ബര്‍ഗ് രോഗത്തിന് കാരണമാകുന്നത്. സെനഗലിലെ ലാബില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്.
രോഗബാധമൂലം ഒമ്പത് പേര്‍ മരിച്ചുവെന്നും 16 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പനി, വയളിറക്കം, ഛര്‍ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗവ്യാപനം കെെകാര്യം ചെയ്യുന്നതിനായി ഇക്വറ്റോറിയൽ ഗിനിയയിലെ ഉദ്യോഗസ്ഥരെ സഹായിക്കാൻ ആരോഗ്യ വിദഗ്‍ധരെ അയയ്ക്കുമെന്നും സംഘടന അറിയിച്ചു.
1967ല്‍ ജർമ്മനിയിലെ മാർബർഗിലും ഫ്രാങ്ക്ഫെർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്.
88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയർന്ന വ്യാപന ശേഷിയുള്ള വൈറൽ രോഗമാണ് മാർബർഗ്.
എബോള, മാർബർഗ്, വൈറസുകൾ ഫിലോവിരിഡേ കുടുംബത്തിലെ (ഫിലോവൈറസ്) അംഗങ്ങളാണ്. റൗസെറ്റസ് വവ്വാലുകളുടെ കോളനികൾ വസിക്കുന്ന ഖനികളിലോ ഗുഹകളിലോ ദീർഘനേരം സമ്പർക്കം പുലർത്തിയിരുന്ന മനുഷ്യരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയത്.
രോഗബാധിതരായ ആളുകളുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ അല്ലെങ്കിൽ മറ്റ് ശാരീരിക ദ്രാവകങ്ങൾ, കൂടാതെ ഈ ദ്രാവകങ്ങളാൽ മലിനമായ പ്രതലങ്ങളും വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും രോഗം പടരും. മലിനമായ കുത്തിവയ്പ് ഉപകരണങ്ങൾ വഴിയോ സൂചികൊണ്ടുള്ള മുറിവുകളിലൂടെയോ രോഗം ഗുരുതരമാകാനും, ദ്രുതഗതിയിലുള്ള അപചയം, ഉയർന്ന മരണനിരക്ക് എന്നിവയെല്ലാം ഉണ്ടാകാനും സാധ്യതയുണ്ട്. മരണപ്പെട്ടയാളുടെ ശരീരവുമായി നേരിട്ട് ബന്ധപ്പെടുന്ന ശ്മശാന ചടങ്ങുകളും മാർബർഗ് പടരാൻ കാരണമാകും. രണ്ട് മുതല്‍ 21 ദിവസം വരെയാണ് ഇന്‍കുബേഷന്‍ കാലയളവ്.
രോഗം ആരംഭിച്ച് മൂന്നാം ദിവസം രോഗികളുടെ രൂപം വളരെയധികം വ്യത്യാസപ്പെടാനുള്ള സാധ്യതയുണ്ട്. മാർബർഗ് വൈറസിന്റെ ഏറ്റവും അപകടകരമായ ലക്ഷണമാണ് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. കൂടാതെ ശരീരത്തിന് അകത്തും പുറത്തും രക്തസ്രാവം ഉണ്ടാകുന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാർബർഗ് വൈറസിനെ ചികിത്സിക്കുന്നതിനായി അംഗീകരിക്കപ്പെട്ട വാക്സിനുകളോ ആന്റിവൈറൽ മരുന്നുകളോ ഇല്ല.
English Summary: Marburg disease in Equatorial Guinea
You may also like this video