Site iconSite icon Janayugom Online

മാര്‍ച്ച് 14 ലോക വൃക്ക ദിനം; നിത്യോരോഗിയായി കാണാതെ, ഒപ്പം ചേര്‍ത്ത് നിര്‍ത്തുക

kidneykidney

‘വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും — വൃക്കരോഗ ചികിത്സയ്ക്കും വൃക്കരോഗത്തിന് ആവശ്യമായ മരുന്നുകള്‍ക്കും എല്ലാവര്‍ക്കും തുല്യമായ അവകാശം’ (Kid­ney Health for All — Advanc­ing Equi­table Access to Care and Opti­mal Med­ica­tion Practice)

മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ കൂടുന്നതിനാലും വൃക്കരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തില്‍ ഈ കഴിഞ്ഞ പതിറ്റാണ്ടില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നമ്മുടെ ഭാരതത്തില്‍ ജനസംഖ്യയുടെ പതിനേഴ് ശതമാനം പേര്‍ക്ക് വൃക്കരോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ വൃക്കരോഗത്തിന്റെ ഗുരുതരാവസ്ഥയായ സ്ഥിരമായ വൃക്കസ്തംഭനം (Chron­ic kid­ney dis­ease stage 4 & 5) ആയിരം പേരില്‍ എട്ട് പേര്‍ക്ക് കാണപ്പെടുന്നു. നമ്മുടെ രാജ്യത്ത് 2018 ലെ കണക്ക് പ്രകാരം ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം പേര്‍ ഡയാലിസിസിന്് വിധേയരാകുന്നു. ചില കണക്കുകള്‍ കാണിക്കുന്നത് ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളില്‍ കേവലം മൂന്നിലൊന്ന് പേര്‍ക്കേ അത് ലഭ്യമാകുന്നുള്ളു എന്നതാണ്. ആതായത് 100 പേര്‍ക്ക് ഡയാലിസിസ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ 30 പേര്‍ക്ക് ലഭിക്കുകയും ബാക്കി 70 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഭീതിദമായ ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. 1990ല്‍ വൃക്കരോഗങ്ങള്‍ കൊണ്ടുണ്ടായ മരണം 5 ലക്ഷമായിരുന്ന സ്ഥാനത്ത് 2016ല്‍ അത് ഇരട്ടിച്ച് 11 ലക്ഷത്തോളമായിരിക്കുന്നു. ജനസംഖ്യ കൂടുന്നതിനനുസരിച്ച് മരണനിരക്ക് നമുക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോകവൃക്കദിന സന്ദേശമായ ‘വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും — വൃക്കരോഗ ചികിത്സയ്ക്കും വൃക്കരോഗത്തിന് ആവശ്യമായ മരുന്നുകള്‍ക്കും എല്ലാവര്‍ക്കും തുല്യമായ അവകാശം’ (Kid­ney Health for All — Advanc­ing Equi­table Access to Care and Opti­mal Med­ica­tion Prac­tice) എന്നതിന് നമ്മുടെ രാജ്യത്ത് പ്രത്യേക പ്രാധാന്യമുണ്ട്. വൃക്കരോഗം കണ്ടുപിടിക്കുക എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ തികച്ചും വിഷമം പിടിച്ച കാലഘട്ടം ആണ്. വൃക്കരോഗലക്ഷണങ്ങള്‍ പലപ്പോഴും നേരത്തേ പ്രകടമാക്കാത്തതിനാല്‍ വൃക്കരോഗം അതിന്റെ അവസാന ഘട്ടത്തിലാകും കണ്ടുപിടിക്കപ്പെടുന്നത്. വൃക്കരോഗം പൂര്‍ണ്ണമായും ഭേദമാവില്ലെന്ന ചിന്ത വൃക്കരോഗികളെ പലപ്പോഴും അമിതമായ ഉത്കണ്ഠയിലേക്കും വിഷാദരേഗതേതിലേക്കും നയിക്കാറുണ്ട്. ഇതവരുടെ കുടുംബപരവും സാമൂഹ്യപരമായ കടമകള്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കുന്നതില്‍നിന്ന് അവരെ തടയുകയും പതിയെ പതിയെ സ്വയം ഒറ്റപ്പെടലിന്റെ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. വൃക്കരോഗികള്‍ക്ക് ശരിയായ രീതിയിലുള്ള ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടെ അവര്‍ക്ക് മാനസികമായ പിന്തുണയും നല്‍കേണ്ടതാണ്. വൃക്കരോഗത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ ചികിത്സിക്കുക, ജീവിതദൈര്‍ഘ്യം കൂട്ടുക എന്നതിലാണ് വൃക്കരോഗ ചികിത്സ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. ഇതോടൊപ്പം വൃക്കരോഗികളുടെ ജീവിതത്തിന്റെ ഗുണനിലവാരം (Qual­i­ty of life) കൂട്ടുകയെന്നതും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതും വൃക്കരോഗ ചികിത്സയുടെ പ്രധാനഭാഗമായി മാറേണ്ടതാണ്. വൃക്കരോഗിയുടെ കുടുംബത്തിനാണ് ഇതില്‍ പ്രധാനപങ്ക് വഹിക്കാനാകുന്നത്. അവരെ ഒരു നിത്യരോഗിയായി കാണാതെ കുടുംബത്തിലെ എല്ലാകാര്യങ്ങളിലും അതൊരു സിനിമയാകട്ടെ, വിനോദയാത്രയാകട്ടെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ക്ക് ശാരീരിക അസ്വസ്ഥതകളില്ലെന്ന് ഉറപ്പുവരുത്തുന്ന അതേ പ്രാധാന്യത്തോടെ അവരുടെ മനസ്സിന്റെ സന്തോഷവും ഉറപ്പുവരുത്തുക. വൃക്കരോഗികള്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രയാസം സാമ്പത്തികമാണ്. മരുന്നുകള്‍ക്കും ഡയാലിസിസ് ഉള്ളവര്‍ക്കും അതിനു ഭീമമായ പണച്ചിലവ് വേണ്ടിവരുന്നു. സര്‍ക്കാരിനും സര്‍ക്കാരിതര സാമൂഹിക, സംഘടനകള്‍ക്കും ഈ കാരൃത്തില്‍ വളരെധികം ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കൂട്ടാന്‍ പറ്റിയാല്‍ അത് പാവപ്പെട്ട രോഗികളള്‍ക്ക് ഒരു ആശ്വാസമാകും.

ചെറുപ്പത്തില്‍ വൃക്കരോഗം ബാധിക്കുന്നത് പലപ്പോഴും അമിതമായ കായികാഭ്യാസമുള്ള ജോലികല്‍ തുടരാന്‍ സാധിക്കുകയില്ല. അത്തരം രോഗികള്‍ക്ക് അനുയോജ്യമായ ജോലികള്‍ നല്‍കി അവരെ സാദാരണ ജീവിതത്തിലേയ്ക്ക്, മറ്റുള്ളവരെ ആശ്രയിക്കാതെ മടക്കികൊണ്ടുവരാന്‍ സാധിക്കും. കുടുംബത്തിലെ പ്രധാന അത്താണിയായ കുടുംബനാഥനോ / കുടുംബനാഥയ്ക്കോ വൃക്കസ്തംഭനം വന്നാല്‍ അവരുടെ കുട്ടികള്‍, വൃദ്ധരായ മാതാപിതാക്കള്‍ എന്നിവര്‍ അനുഭവിക്കേണ്ടി നവരുന്ന മാനസികവും സാമ്പത്തികവുമായ കഷ്ടപ്പാടുകള്‍ നമ്മള്‍ കണക്കിലെടുക്കേണ്ടതാണ്. കുട്ടികളുടെ പഠനത്തിന്റെ ചിലവ് സന്മനസ്സുള്ള ആള്‍ക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ തന്നെ അത് വൃക്കരോഗികള്‍ക്ക് കൊടുക്കുന്ന മനസമാധാനം വളരെ വലുതായിരിക്കും. ചുരുക്കത്തില്‍ വൃക്കരോഗികള്‍ അഭിമുഖീകരിക്കുന്നത് കേവലം വൃക്കരോഗത്തിന്റെ മാത്രമല്ല. അതുവഴിയുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്നങ്ങളുമാണ്. വൃക്കരോഗിയെ ഒരു രോഗിയായി മാത്രം കണ്ട് ചികിത്സ നിശ്ചയിക്കാതെ അവനെ / അവളെ ഒരു അച്ഛനായി / അമ്മയായി / മകനായി / മകളായി / ഭര്‍ത്താവായി / ഭര്യയായി കണ്ട് അവന്റെ / അവളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി, അതിന് സാമൂഹികവും സാമ്പത്തികവുമായ പ്രതിവിധികള്‍ നിശ്ചയിച്ച് അവരെ വൃക്കരോഗത്തോടൊപ്പം തന്നെ നല്ല രീതിയില്‍ സന്തോഷത്തോടെ നല്ല ശാരീരിക മാനസിക ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഒരു നല്ല സമൂഹത്തിന്റെ കടമ. ഒരു വൃക്കരോഗിയുടെ ശാരീരികവും മാനസികവുമായ സന്തോഷം ഉറപ്പുവരുത്തുകവഴി വൃക്കരോഗി മാത്രമല്ല അവന്റെ / അവളുടെ കുടുംബവും മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരും. നമ്മളെല്ലാവരും ഒന്നിച്ച് നിന്ന് അതിലേയ്ക്ക് പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഡോ.വിഷ്ണു ആർ.എസ്.
കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version