പാർശ്വവത്കരിക്കപ്പെട്ട സമൂഹമാണ് പ്രകൃതി ദുരിതങ്ങൾക്ക് എപ്പോഴും ഇരയാകുന്നതെന്ന് മന്ത്രി പി പ്രസാദ്. 25 വർഷങ്ങൾക്ക് അപ്പുറം കേരളത്തിന്റെ അവസ്ഥ ഓർത്ത് ഭയം തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേട്ടുകേൾവി മാത്രമായിരുന്ന പ്രകൃതി ദുരിതങ്ങൾ ഇന്ന് കേരളവും കീഴടക്കി കഴിഞ്ഞു. 2018ൽ പ്രളയമുണ്ടായപ്പോൾ ഇനി നൂറ് വർഷം കഴിഞ്ഞേ പ്രളയമുണ്ടാകു എന്ന് വിശ്വസിച്ചിരുന്ന ജനതായിരുന്നു നമ്മൾ. എന്നാൽ ഞെട്ടിച്ചുകൊണ്ട് 2019ലും സമാനമായ പ്രളയം കേരളത്തെ തളർത്തി. വയലുകളും തോടുകളുമെല്ലാം കൈയ്യേറിയതിന്റെ ശിക്ഷയായി വെള്ളപ്പൊക്കവും ആഗോളതാപനവുമെല്ലാം വലിയ തിരിച്ചടികളാണ് സമ്മാനിച്ചുക്കൊണ്ടിരിക്കുന്നത്.
കേരളം സുരക്ഷിത കേന്ദ്രമാണെന്ന് കരുതി കഴിഞ്ഞിരുന്ന ഒരു ജനത ഇന്ന് ഭയപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. വേനലും മഴയുമെല്ലാം അതിതീവ്രമായി അനുഭവിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എൻ അരുൺ, എസ് സതീഷ്, പി എ രാജീവ്, മായ, ഡോ. എൻ രമാകാന്തൻ, അഡ്വ. എൻ സി മോഹനൻ, എം ടി നിക്‌സൺ എന്നിവർ സംസാരിച്ചു.
English Summary:Marginalized community vulnerable to natural calamities: Minister P Prasad
You may also like this video