വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്ന വിഷയത്തിൽ ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഭിന്നാഭിപ്രായം. വിഷയം സുപ്രീം കോടതി പരിഗണിക്കേണ്ടതുണ്ടെന്നും ഹർജിക്കാർക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാമെന്നും കോടതി പറഞ്ഞു.
വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്ന ഐപിസി 375-ാം വകുപ്പിന്റെ രണ്ടാം ഇളവിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് ജസ്റ്റിസുമാരായ രാജീവ് ശക്ധർ, സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
വിവാഹബന്ധത്തിലെ ലൈംഗികാതിക്രമങ്ങള്‍ കുറ്റകരമെന്ന് ജസ്റ്റിസ് രാജീവ് ശക്ധർ വിധിച്ചു. സെക്ഷൻ 375, സെക്ഷൻ 376 (ഇ) എന്നിവ ആർട്ടിക്കിൾ 14, 15, 19(1) (എ) യുടെയും ഭരണഘടന 21 ന്റെയും ലംഘനമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ 375-ാം വകുപ്പിലെ ഇളവ് ഭരണഘടനാവിരുദ്ധമല്ലെന്ന് ബെഞ്ചിലെ മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കറിന്റെ വിധിയിൽ പറയുന്നു. സമത്വത്തിനോ സ്വാതന്ത്ര്യത്തിനോ ജീവിക്കാനുള്ള അവകാശത്തിനോ ഇത് വിഘാതമാകുമെന്ന് പറയാനാവില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ അഭിപ്രായപ്പെട്ടു. വിപരീത വിധികൾ വന്ന സാഹചര്യത്തിൽ കേസ് സുപ്രീം കോടതി പരിഗണിക്കട്ടെ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ 2015 മുതൽ കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഫെബ്രുവരി ഏഴിന് ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ സംസ്ഥാനസർക്കാരുകളും മറ്റുമായി കൂടിയാലോചന നടത്തണമെന്നും കൂടുതൽ സമയം വേണമെന്നമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം. എന്നാൽ കോടതി ഇത് നിരസിക്കുകയായിരുന്നു. വൈവാഹിക ബലാത്സംഗം വിവാഹ മോചനം അനുവദിക്കാന്‍ തക്ക ക്രൂരകൃത്യമാണെന്ന് കേരള ഹൈക്കോടതി മുമ്പ് വിധിച്ചിട്ടുണ്ട്.
English summary; Marital rape: Delhi High Court upholds verdict
You may also like this video;