മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുവെന്ന കാരണത്താല്‍ മകളെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തി. പത്താം ക്ലാസില്‍ 92.60 ശതമാനം മാര്‍ക്ക് ലഭിച്ച സാധന ഭോസ്ലെ എന്ന വിദ്യാര്‍ത്ഥിനിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതാണ് സ്കൂള്‍ അധ്യാപകന്‍ കൂടിയായ പിതാവ് ദോണ്ഡിറാം ഭോസ്ലെയെ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ മോക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് പിന്നാലെ പിതാവ് വടികൊണ്ട് സാധന ഭോസ്ലെയെ ഭീകരമായി മര്‍ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മകളെ പിതാവ് മര്‍ദിച്ച വിഷയം പൊലീസില്‍ അറിയിക്കുന്നതില്‍ മാതാവിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദോണ്ഡിറാം ഭോസ്ലെ കുറ്റം സമ്മതിച്ചതായും പ്രതിയെ റിമാന്‍ഡ് ചെയ്തതായും സംഗ്ലി പൊലീസ് അധികൃതര്‍ അറിയിച്ചു.

