ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഗബ്രിയേൽ ഗാർസ്യ മർക്വിസ് ഒരു ദിവസം ഉച്ചയ്ക്ക് തന്റെ ഭാര്യയുടെ അടുത്തെത്തിയത് നിലവിളിച്ചു കൊണ്ടാണ്. ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ എഴുതുന്ന സമയം. ഭാര്യ മെർത്തിഡസ് ആകെ വിഷമിച്ചു. അവർ ചോദിച്ചു, “എന്തുപറ്റി?”
“കേണൽ മരിച്ചു, ഞാൻ കൊന്നു” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കിടക്കയിലേക്ക് വീണു. പിന്നെ ആ കിടപ്പിൽ കിടന്ന് കുറേ നേരം കരഞ്ഞു. കേണൽ ഒറീലിയാനോ ബേന്തിയ എന്നത് അപ്പോൾ മർക്വിസ് എഴുതുന്ന നോവലിലെ പ്രധാന കഥാപാത്രമാണ്. ആ കഥാപാത്രം നോവലിൽ മരിക്കുകയാണ്. ഏതാനും സമയം മുൻപ് കേണൽ മരിച്ചത് ചിത്രീകരിച്ച മർക്വിസ് ആ വിഷമത്തിലാണ് നിലവിളിക്കുന്നത്. ആദ്യം നോവലിൽ കേണലിനെ മറ്റൊരു രീതിയിൽ കൊല്ലാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ അയാളെ കൊല്ലാൻ അന്ന് എഴുത്തുകാരന് മനസ് വന്നില്ല. പിന്നെ അയാൾ നോവലിൽ മരിക്കേണ്ടത് ആവശ്യമായി വന്നു. അങ്ങനെ ആ കഥാപാത്രം മരിക്കുന്നു (എഴുത്തുകാരൻ കൊല്ലുന്നു). മർക്വിസ് തന്റെ മാനസഗുരു ഹെമിങ്വേ പറഞ്ഞത് രചനാവേളയിൽ ഓർത്തിട്ടുണ്ടാകും, “എഴുത്തുകാരൻ സൃഷ്ടിക്കേണ്ടത് കഥാപാത്രങ്ങളെയല്ല; ആളുകളെയാണ്.” 1982 ൽ ആ പുസ്തകം സാഹിത്യത്തിനുള്ള നോബൽ സമ്മാനം മർക്വിസിന് നേടിക്കൊടുത്തു. മർക്വിസിന്റെ ഉൽകൃഷ്ടകൃതി ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ ആണെന്ന് വായനാലോകം പറയുമ്പോൾ എഴുത്തുകാരന് തന്റെ മികച്ച കൃതി മറ്റൊന്നാണ്, ‘The autumn of the patriarch’ ആണ് അത്.
പ്രമുഖനായ ലാറ്റിൻ അമേരിക്കൻ സാഹിത്യകാരൻ കുട്ടിക്കാലം ചെലവഴിച്ചത് അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കൂടെയാണ്.
സുന്ദരിയായിരുന്ന അമ്മ കുടുംബപ്രശ്നങ്ങൾ കാരണം കുഞ്ഞിനെ അവരെ ഏൽപ്പിച്ചു പോയതാണ്. പിന്നെ മകൻ അമ്മയെ കാണുന്നത് ഏഴാം വയസിലാണ്. അതിനാൽ അമ്മയെപ്പറ്റി അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ മറ്റുള്ളവരിൽ നിന്ന് വേറിട്ടതാണ്.
അമ്മൂമ്മക്കഥകൾ കേട്ട് മയങ്ങിയ കുഞ്ഞ് മരിച്ചവരുടെ കഥകളും മറ്റും കേട്ട് ഉറക്കത്തിൽ ഞെട്ടിയുണരുമായിരുന്നു. മർക്വിസ് രാത്രി പേടിച്ചാണ് പിന്നെ കഴിച്ചു കൂട്ടുക. വളർന്ന് വലിയ ആളായിട്ടുപോലും ഇതാവർത്തിച്ചിരുന്നു. ഒരു മുറിയിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ പറ്റാത്ത അവസ്ഥ. അവിടെ മരിച്ച ബന്ധുക്കൾ ഇരിപ്പുണ്ടാവും എന്ന തോന്നൽ അദ്ദേഹത്തെ വലച്ചിരുന്നു. ഏതോ അമ്മൂമ്മക്കഥയിൽ നിന്ന് ലഭിച്ച പേടി. വായന ആ ബാലനെ മാറ്റിമറിക്കുകയായിരുന്നു. ജന്മനാടായ കൊളംബിയയിലെ കവികൾ അയാളെ വല്ലാതെ സ്വാധീനിച്ചു. യൗവനത്തിൽ കാഫ്കയുടെ ‘മെറ്റമോർഫോസിസ്’ വായിച്ച രാത്രിയിൽ മർക്വിസിലെ എഴുത്തുകാരൻ വിളിച്ചുണർത്തപ്പെട്ടു. അടുത്ത ദിവസം അയാൾ ആദ്യ കഥ എഴുതിത്തുടങ്ങി, ‘ഇതാണ് തനിക്ക് ചെയ്യാൻ കഴിയുന്നത്’ എന്ന തിരിച്ചറിവിൽ.
അലീജോ കാർപെന്റിയർ എന്ന എഴുത്തുകാരനിൽ നിന്ന് മാജിക്കൽ റിയലിസം എന്തെന്ന് മനസിലാക്കിയ ശേഷം തന്റെ എഴുത്തിനെ മെച്ചപ്പെടുത്തിയ മർക്വിസ്, സെർവന്റീസിന് ശേഷമുള്ള മികച്ച എഴുത്തുകാരനായി സ്പാനിഷ് ഭാഷയിൽ അറിയപ്പെടുകയായിരുന്നു. പിന്നെ ലോക പ്രശസ്തനും.
എഴുത്തിന് മുൻപ് മാർക്വിസ് കാർട്ടൂൺ വരച്ചു തുടങ്ങും. പിന്നെയാണ് വാക്കുകളിലേക്ക് പ്രവേശിക്കുക. ലോകത്തെ ഏറ്റവും നല്ല തൊഴിൽ പത്രപ്രവർത്തനം ആണെന്ന് പറഞ്ഞ മാർക്വിസ് പത്രമോഫീസിലെ വിരസത ഒഴിവാക്കാനാണ് ആദ്യ നോവൽ ‘ലീഫ് സ്റ്റോമ്’ എഴുതിയത്. എഴുത്തിൽ ആരാധ്യൻ ഹെമിങ് വേ ആയിരുന്നെങ്കിലും ഒരിക്കലും അവർ തമ്മിൽ സംസാരിച്ചിട്ടില്ല. ദൂരെ നിന്ന് ഒരിക്കൽ ഹെമിങ് വേയെ കണ്ടെന്നും ഉറക്കെ ‘പാപ്പാ’ എന്ന് വിളിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട് മാർക്വിസ്. ആരാണ് വിളിച്ചതെന്നറിയാതെ വിളികേട്ട ദിശയിലേക്ക് ഹെം കയ്യുയർത്തി കാട്ടിയത് മാർക്വിസ് കണ്ടു സായൂജ്യമടഞ്ഞു. ഹെമിങ് വേ അത്രമേൽ സ്വാധീനിച്ചിട്ടും മാർക്വിസിന്റെ എഴുത്തിൽ വായനക്കാർ കൂടുതൽ സ്വാധീനം കണ്ടത് കാഫ്കയുടേതാണ്.
ഫിദൽ കാസ്ട്രോയുടെ ഉറ്റ മിത്രമായിരുന്നു ഗാബെ(മാർക്വിസിനെ വിളിക്കുന്ന സ്നേഹനാമം). താനെഴുതിയ കയ്യെഴുത്തു പ്രതികൾ പലതും കാസ്ട്രോയ്ക്ക് അദ്ദേഹം വായനയ്ക്കും നിർദേശങ്ങൾക്കുമായി അയച്ചു കൊടുത്തിരുന്നു. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് ആയതിനാൽ മാർക്വിസിന് അമേരിക്കൻ രാജ്യങ്ങളിലേക്ക് വിസ നൽകിയിരുന്നില്ല, അവിടുത്തെ ഭരണകൂടം. എന്നാൽ ക്ലിന്റൻ പ്രസിഡന്റായി വന്നതോടെ അദ്ദേഹത്തിന് പ്രവേശനാനുമതി ലഭിച്ചു, കാരണം, ക്ലിന്റന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു മാർക്വിസ്.
പലപ്പോഴും എഴുത്തുകാർക്ക് ഏതെങ്കിലും ഒരു ആശയം മനസിൽ തോന്നുന്നതിൽ നിന്നാവും കഥ വളർത്തിയെടുക്കുക. എന്നാൽ മാർക്വിസിന് താൻ കാണുന്ന ഏതെങ്കിലും ഒരു ഇമേജിൽ നിന്നാണത്രേ കഥ വരുക. ഒരിക്കൽ താൻ ബരാൻകിയ തുറമുഖത്ത് കണ്ട ഒരാൾ ബോട്ട് കാത്തിരിക്കുന്ന ഇമേജിനൊപ്പം തന്റെ തന്നെ കാത്തിരിപ്പിൽ ഉടലെടുത്ത ജിജ്ഞാസകൂടി ചേർന്നപ്പോൾ ‘കേണലിനാരും എഴുതുന്നില്ല’ എന്ന അന്യായകാത്തിരിപ്പിന്റെ ദീർഘകഥ സംഭവിക്കുകയായിരുന്നു.
പഠിക്കുന്ന കാലത്ത് സത്യത്തിന്റെ കാവ്യാത്മകമായ ആവിഷ്കാരമാണ് നല്ല നോവലുകൾ എന്ന് വിശ്വസിച്ചിരുന്ന മാർക്വിസ് പിന്നീട് സത്യത്തിന്റെ കാവ്യാത്മകമായ സ്ഥാനവിപര്യായമാണ് നല്ല നോവലെന്ന് വലിയ എഴുത്തുകാരനായ ശേഷം അഭിപ്രായപ്പെട്ടിരുന്നു. പുരോഗമനവാദിയായ മാർക്വിസ് ചില കാര്യങ്ങളിൽ അന്ധവിശ്വാസി ആയിരുന്നു. തന്റെ മേശപ്പുറത്ത് മഞ്ഞപ്പൂക്കൾ വച്ചെങ്കിൽ മാത്രമേ നന്നായി എഴുതാൻ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മഞ്ഞപ്പൂക്കൾ വയ്ക്കാത്ത ഒരു ദിവസം ഒന്നുമെഴുതാൻ കഴിയാതെ പോയി എന്നും പിന്നെ പൂക്കൾ വെച്ച ശേഷമാണ് എഴുത്ത് വന്നതെന്നും പറയുന്നു. എന്നാൽ മഞ്ഞലോഹമായ സ്വർണം അദ്ദേഹം വാങ്ങുകയോ അണിയുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ലായിരുന്നു.
മാർക്വിസിന്റെ നോവലിലെ ഒരു കഥാപാത്രം വരുമ്പോഴൊക്കെ മഞ്ഞ ചിത്രശലഭങ്ങൾ പറക്കുന്നത്, വെള്ളം തീയില്ലാതെ തിളച്ചു മറിയുന്നത് എന്തെന്ന് അത്ഭുതത്തോടെ നാം ആലോചിക്കുന്നു. എല്ലാം വായിച്ചു കഴിയുമ്പോൾ മറ്റൊരു വൻകരയിൽ, നാമറിയാത്ത ഭൂപ്രകൃതിയിൽ സംഭവിക്കുന്നതൊക്കെ നമ്മുടേത് കൂടിയാണെന്ന് നാം തിരിച്ചറിയുന്നു. ആ എഴുത്താണ് നമ്മെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എന്ന് മാർക്വിസിനെ വിളിപ്പിക്കുന്നത്. വിചിത്ര കല്പനകൾ മെനഞ്ഞ് അവിശ്വസനീയമായ കാര്യങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്ന രചനാരീതിയിൽ ദൂരെ മറ്റൊരു ദേശത്ത് മറ്റൊരു അപരിചിതമായ ലോകത്ത് ജീവിക്കുന്നവരിൽ കൂടി ആകർഷണം സൃഷ്ടിക്കുമ്പോൾ നമ്മൾ അറിയുന്നു ഇത് പ്രതിഭാശാലിയായ ഒരു കഥാകാരന്റെ വറ്റാത്ത ഭാവനയുടെ പ്രതിഫലനമായി നിൽക്കുന്നുവെന്ന്.
English Summary: Marquis boiled water without fire
You may also like this video