Site iconSite icon Janayugom Online

നിയമം ലംഘിച്ച് വിവാഹം; ഇമ്രാന്‍ ഖാനും ഭാര്യക്കും ഏഴ് വര്‍ഷം തടവ്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ഖാനും ശിക്ഷ വിധിച്ചത്. മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം ‘ഇദ്ദത്ത്’ എന്ന് വിളിക്കപ്പെടുന്ന ഇസ്‌ലാം നിര്‍ബന്ധമാക്കിയ കാത്തിരിപ്പ് കാലയളവ് പൂര്‍ത്തിയാകാതെയാണ് ബുഷ്റ ഖാന്‍ ഇമ്രാനെ വിവാഹം ചെയ്തതെന്ന് കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിയാകുന്നതിന് ഏഴ് മാസം മുമ്പ്, 2018 ജനുവരിയില്‍ ഒരു രഹസ്യ ചടങ്ങില്‍ ഇമ്രാന്‍ ഖാനും ബുഷ്റയും തമ്മിലുള്ള നിക്കാഹ് നടന്നത്.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇരുവരും വിവാഹം കഴിച്ചിരുന്നോ എന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. അതേസമയം സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന കേസില്‍ ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം കോടതി ശിക്ഷ വിധിച്ചിരുന്നു. പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സീക്രട്ട്‌സ് ആക്ട് പ്രകാരമുള്ള ശിക്ഷാ വിധി. മുന്‍ വിദേശകാര്യ മന്ത്രിയും തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനുമായ ഷാ മഹ്‌മൂദ് ഖുറേഷിയെയും പ്രത്യേക കോടതി 10 വര്‍ഷത്തെ തടവിന് വിധിച്ചു. 2022ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്.

Eng­lish Summary:Marriage against the law; Imran Khan and his wife have been jailed for sev­en years
You may also like this video

Exit mobile version