Site iconSite icon Janayugom Online

വിവാഹവും കോര്‍പറേറ്റ് വ്യവസായമായി; ഒരു വര്‍ഷം വിവാഹമേഖലയിലെ ചെലവ് 6.19 ലക്ഷം കോടി

ഇന്ത്യയിലെ വിവാഹങ്ങള്‍ വന്‍ കോര്‍പറേറ്റ് വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. വിവാഹങ്ങള്‍ക്കുമൊത്തം ചെലവാകുന്നത് 6.19 ലക്ഷം കോടി രൂപ. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ 24 വരെ 40 ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യത്തെ വിവാഹസീസണില്‍ മാത്രം നടക്കുക 32 ലക്ഷം വിവാഹങ്ങള്‍. ഇതുവഴി 3.75 ലക്ഷം കോടി രൂപ വിവാഹ വിപണിയിലേക്ക് ഒഴുകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് നടത്തിയ സര്‍വേയില്‍ പറയുന്നു. ന്യൂഡല്‍ഹിയില്‍ മാത്രം 75,000 കോടി രൂപ വിവാഹ വ്യവസായ മേഖലയിലേക്ക് പ്രവഹിക്കുമെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍ക്കര്‍ പറയുന്നു. അടുത്ത വിവാഹ സീസണായ ജനുവരി 14 മുതല്‍ ജൂലൈ വരെ 30 ലക്ഷത്തോളം മംഗല്യങ്ങളാണ് നടക്കുക.
പാവപ്പെട്ടവരുടെ വിവാഹങ്ങളില്‍ പോലും മൂന്നു ലക്ഷം രൂപയുടെ ചെലവുണ്ടാകുന്നു. ഇത്തരം അഞ്ച് ലക്ഷം കല്യാണങ്ങളാണ് ഇപ്പോഴത്തെ സീസണില്‍ നടക്കുക. അഞ്ച് ലക്ഷം രൂപ ചെലവുവരുന്ന 10 ലക്ഷം, 10 ലക്ഷം രൂപ ചെലവാക്കുന്ന 10 ലക്ഷം, 25 ലക്ഷം രൂപ ചെലവു വരുന്ന അഞ്ച് ലക്ഷം, 50 ലക്ഷം രൂപ ചെലവാകുന്ന അര ലക്ഷം വിവാഹങ്ങളുമുണ്ടാകും. ഒരു കോടി രൂപയ്ക്കുമേല്‍ ചെലവുവരുന്ന അരലക്ഷം വിവാഹങ്ങളും നടക്കും. കേരളത്തില്‍ ഏതാനും വര്‍ഷം മുമ്പ് ഒരു പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹം 500 കോടി രൂപ ചെലവഴിച്ചു നടന്നത് വന്‍വിവാദമായിരുന്നു.

വിവാഹച്ചെലവിന്റെ 80 ശതമാനവും കോര്‍പറേറ്റ് മേഖലയിലേക്കാണ് ഒഴുകിയെത്തുന്നത്. സ്വര്‍ണ, വജ്ര, വെള്ളി ആഭരണങ്ങള്‍, വിലയേറിയ വിവാഹ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഈവന്റ് മാനേജ്മെന്റ് കമ്പനികള്‍ തുടങ്ങിയവ ബഹുമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്കാണ് എത്തുക. കല്യാണ വീടുകള്‍ മോടിപിടിപ്പിക്കാനുള്ള പെയിന്റുകള്‍, ആധുനിക ഗൃഹോപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ മുതല്‍ കല്യാണക്കത്തുകള്‍ എന്നിവയടക്കം വിവാഹ വ്യവസായ വിപണിയിലെത്തിക്കുന്നതും വന്‍കിട സ്ഥാപനങ്ങള്‍. ശേഷിക്കുന്ന 20 ശതമാനം മാത്രമാണ് വിവാഹം നടക്കുന്ന ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, കേറ്ററിങ്, പച്ചക്കറി, മാംസവില്പന മേഖലകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, സംഗീത ഗ്രൂപ്പുകള്‍ എന്നിവയ്ക്കുമായി പങ്കുവയ്ക്കുന്നു. 

കോവിഡ് കാരണം മാറ്റിവച്ച വിവാഹങ്ങള്‍ ഈ സീസണില്‍ അടുത്ത സീസണിലുമായി നടക്കുന്നതിനാല്‍ കല്യാണസംഖ്യ രണ്ടിരട്ടിയിലേറെയായി വര്‍ധിക്കുമെന്നാണ് ഇന്ത്യയിലെ പ്രമുഖ വിവാഹ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഫോണ്‍സ് ആന്‍ഡ് പെറ്റല്‍സിന്റെ ഉടമയായ വികാസ് ഗുട്ട്ഗുട്ടിയ അറിയിച്ചത്. കൊഴുക്കുന്ന വിവാഹവിപണിയിലെ ലാഭസാധ്യതകള്‍ മുന്നില്‍കണ്ട് തങ്ങളുടെ കമ്പനിയില്‍ ഈ വര്‍ഷം 200 കോടി രൂപയുടെ അധിക നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 2016ല്‍ ഇന്ത്യയിലെ വിവാഹ വ്യവസായ മേഖലയിലേക്ക് പ്രവഹിച്ചിരുന്ന 3.68 ലക്ഷം കോടി രൂപയാണ് ഇത്തവണത്തെ സീസണുകളിലായി 6.19 ലക്ഷം കോടിയായി കുതിച്ചുയരുന്നതെന്നാണ് അന്താരാഷ്ട്ര ഏജന്‍സിയായ കെപിഎംജി നടത്തിയ സര്‍വേയില്‍ പറയുന്നത്.

Eng­lish Summary:Marriage has also become a cor­po­rate indus­try; 6.19 Lakh Crores spent on mar­riage in a year

You may also like this video

Exit mobile version