Site icon Janayugom Online

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിവാഹം: സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി

സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്താന്‍ കഴിയുമോയെന്നു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. തുടര്‍ന്ന് ഇത് സംബന്ധിച്ച ഹര്‍ജി ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു.

മാറുന്ന സാമൂഹിക ആവശ്യങ്ങള്‍ക്ക് അനുസരിച്ചു മാറുക മാത്രമല്ല, നിയമം സാങ്കേതികവിദ്യയുടെ പുരോഗതിയെ അംഗീകരിക്കുകയും വേണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്റെ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

മാറുന്ന സമൂഹത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതില്‍ നിയമം പരാജയപ്പെട്ടാല്‍ ഒന്നുകില്‍ അത് സമൂഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും അല്ലെങ്കില്‍ വളര്‍ച്ചയ്ക്കു തടസ്സമായ നിയമത്തെ, മതിയായ ഓജസ്സുള്ള സമൂഹം ദൂരെയെറിയുമെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ച്‌ കോടതി പറഞ്ഞു.

വിവാഹത്തിനായി നോട്ടിസ് നല്‍കിയതിനുശേഷം വിദേശത്തേക്ക് പോകേണ്ട അവസ്ഥയുണ്ടാകുന്ന ഒട്ടേറെ കേസുകള്‍ ഉണ്ടാകുന്നുണ്ട്. പലര്‍ക്കും വിവാഹത്തിനായി നാട്ടിലെത്താനാവാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകളുടെ പ്രായോഗികമായ വ്യാഖ്യാനം ഉണ്ടായാല്‍ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂയെന്നും കോടതി പറഞ്ഞു.

ക്രിമിനല്‍ കേസിലെ ഒരു സാക്ഷി വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാകുന്നുണ്ടെങ്കില്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി അതിനുള്ള അനുവാദവും നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹത്തിന്റെ സ്വഭാവം കരാറിന്റെയാണെങ്കില്‍ ഇക്കാര്യത്തില്‍ വിവര സാങ്കേതിക നിയമത്തിന്റെ വ്യവസ്ഥകളും പ്രസക്തമാണ്.

ENGLISH SUMMARY:Marriage through video conferencing
You may also like this video

Exit mobile version