പട്ടാള നിയമംഏര്‍പ്പെടുത്തിയതിന് ഇംപീച്ച്മെന്റ് നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിന് അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്റ്റേണ്‍ ഡിസ്ട്രിക് കോടതിയാണ് യോലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് നിലവിലെ പ്രസിന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് .യോലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഫോര്‍ ഹൈ റാങ്കിങ് ഓഫീഷ്യല്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.
പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെതിരെ ഉന്നതതല അന്വേഷണം നടക്കുകയാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുക ലക്ഷ്യമിട്ട് ഡിസംബര്‍ മൂന്നിനാണ് യോല്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്.എന്നാല്‍ സൈനിക നിയമം ഏര്‍പ്പെടുത്തിയതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ നിയമം പ്രസിഡന്റ് പിന്‍വലിക്കുകയായിരുന്നു.
പട്ടാള നിയമം ഏര്‍പ്പെടുത്തിയ പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പാര്‍ലമെന്റില്‍ പാസ്സായിരുന്നു. പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് ഇപ്പോള്‍ ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, മുന്‍ പ്രധാനമന്ത്രിയും ഇടക്കാല പ്രസിഡന്റുമായ ഹാന്‍ ഡക്ക് സൂവിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസും പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്.