Site iconSite icon Janayugom Online

മാര്‍ട്ടിന്‍ സ്ഫോടനം പഠിച്ചത് ഇന്റര്‍നെറ്റില്‍ നിന്ന്

അഞ്ചുവർഷം മുൻപ് യഹോവ വിശ്വാസം അവസാനിപ്പിച്ചയാളാണ് ഡൊമനിക് മാർട്ടിൻ. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും എത്തിയത്. നേരത്തെ തമ്മനത്ത് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തിയിരുന്നു. കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞാണ് ഇന്ന് രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭാര്യയും മകളും പറയുന്നു. പ്രതിയുടെ കയ്യിൽ നിന്ന് സ്ഫോടനം നടത്തിയ റിമോട്ട് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്നാണ് സ്ഫോടനം നടത്തേണ്ടത് എങ്ങനെയെന്ന് ഇയാൾ പഠിച്ചത്. 

’16 വർഷത്തോളം ഈ പ്രസ്ഥാനത്തിന്റെ കൂടെയുണ്ടായിരുന്നു. ഇത് തെറ്റായ പ്രസ്ഥാനമാണ്. ഇതിലെ പഠിപ്പിക്കലുകൾ രാജ്യ​ദ്രോഹപരമാണ്”. കളമശേരി സ്ഫോടനം നടത്തിയതിനു ശേഷം ഫേസ്ബുക്ക് പേജിൽ ലൈവ് എത്തിയ മാർട്ടിൻ പറഞ്ഞ വാക്കുകളാണിത്. ഭൂമിയിലെ എല്ലാവരും നശിച്ചുപോകും, യഹോവ സാക്ഷികൾ മാത്രം ജീവിക്കും എന്നാണിവർ പഠിപ്പിക്കുന്നതെന്നാണ് മാർട്ടിൻ ആരോപിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആ​ഗ്രഹിക്കുന്ന ഒരു വിഭാ​ഗത്തെ എന്താ ചെയ്യുക, തെറ്റായ ഈ ആശയത്തിന് എതിരെ തനിക്ക് പ്രതികരിച്ചേ പറ്റൂ, ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസിലാക്കിയതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നാണ് മാർട്ടിൻ വീഡിയോയിൽ വിശദീകരിക്കുന്നത്. 

ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവരുടെ ആശയം ശരിയാണെന്ന് ആൾക്കാർക്ക് തോന്നുമെന്നും അതിനാലാണ് സ്ഫോടനം നടത്തിയതെന്നും ഇയാൾ പറയുന്നു. ഈ പ്രസ്ഥാനം നമ്മുടെ നാട്ടിൽ ആവശ്യമില്ലെന്നുള്ള പൂർണ ബോധ്യത്തോടെയാണ് ഇത് പറയുന്നതെന്നും മാർട്ടിൻ പറയുന്നു. കേസിൽ യുഎപിഎ, കൊലപാതകം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ​ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്. 

Eng­lish Sum­ma­ry: Mar­tin stud­ied the explo­sion on the Internet
You may also like this video

Exit mobile version