ചാക്കാല കവിതയിൽ കവിയുടെ മനസ്സിനെ
കടം എടുത്താദ്യത്തെ വരി കുറിക്കട്ടെ ഞാൻ
“ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും ”
പക്ഷെ ഓർക്കുവാൻ എനിക്കെന്തു വേറെയത്രേ?
അകലെയൊരു കൂരയിൽ എൻറെ കുരുന്നിനെ
മാറോടുചേർത്തെന്നും മെല്ലെ ഉറക്കി
മറ്റാരും കാണാതെ എന്നെയോർത്ത്
പ്രിയസഖി ഇന്നവൾ കണ്ണുനീർ വാർക്കെ…
പ്രിയമോടെയെത്തിയാ മിഴിനീരിനുള്ളിലെൻ
പ്രതിരൂപം കാണാൻ കൊതിച്ചു പോകെ…
മണൽ വന്നു മായ്ക്കുന്നു കാഴ്ചകളൊക്കെയും
പക്ഷേ മായ്ക്കുവാൻ ആകുമോ മരുഭൂമിക്ക് ഓർമ്മകൾ…
മുറ്റത്തു തത്തി കളിക്കുമെൻ ബാല്യത്തെ
ഒത്തിരി അന്നവൾ നോക്കിനിൽക്കെ
ഓമൽ കുറുമ്പുകൾ പങ്കിടാൻ അവനൊരു
കുഞ്ഞിനെ കൂട്ടായി നൽകാം നമുക്കോമനേ …
കാതോരം വന്നു ഞാൻ മെല്ലെ പറഞ്ഞപ്പോൾ
ചുണ്ടിണ ചോന്നതന്നെന്തിനു പെണ്ണേ …
ഓർമ്മകൾ പൂക്കുന്നു മരുഭൂവിൽ ഒക്കെയും
ഞാൻ വീണുറങ്ങട്ടെയി പൂവാടിയിൽ.…
ഇരുൾ വന്നു മൂടുമീ ആകാശവീഥിയിൽ
ചിറകടിച്ചുയരുമീ താരാഗണങ്ങളിൽ
മിഴിനട്ടു നിൽക്കെ നിൻ അന്തരംഗം
ഓർമിച്ചതെൻ മുഖം മാത്രം ആകാം
അടുത്തുണ്ട് ഞാനെന്ന ചിന്തയിൽ മെല്ലെ
അടിമുടി ലജ്ജയിൽ കുളിക്കയാവാം…
കടൽകടന്നെത്തിയാ കവിളിണ രണ്ടിലും
കവിത കുറിക്കുന്നതോർക്കയാവാം
ചുംബന കവിത കുറിക്കുന്നതോർക്കയാവാം.…
ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും
പക്ഷേ ഓർക്കുവാൻ എനിക്കെന്തു വേറെയത്രേ.…
സജിത്ത് ലാൽ
മലയാലപ്പുഴ