പാകിസ്താനിൽനിന്ന് ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 5,000 ഡോക്ടർമാരും 11,000 എൻജിനീയർമാരും 13,000 അക്കൗണ്ടന്റുകളും രാജ്യം വിട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക തകർച്ചയും രാഷ്ട്രീയ അനിശ്ചിതത്വവുമാണ് ഈ ബ്രെയിൻ ഡ്രെയിനിന് പ്രധാന കാരണം. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നത് പാകിസ്താനിലെ ആരോഗ്യമേഖലയെയാണ്. 2011നും 2024നും ഇടയിൽ നഴ്സുമാരുടെ കുടിയേറ്റത്തിൽ 2,144% വർധനയുണ്ടായി. 2024ൽ മാത്രം ഏഴ് ലക്ഷത്തിലധികം പേർ വിദേശ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025ൽ പാക് വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് പോയ പ്രൊഫഷണലുകളുടെ എണ്ണം മുൻവർഷത്തെക്കാൾ ഇരട്ടിയായി വർധിച്ചു. ഇതോടെ സർക്കാർ വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.
പ്രൊഫഷണലുകളുടെ ഈ കൂട്ടപ്പലായനത്തെ ‘ബ്രെയിൻ ഗെയിൻ’ എന്ന് വിശേഷിപ്പിച്ച പാക് സൈനിക മേധാവി ജനറൽ അസിം മുനീർ വലിയ വിമർശനമാണ് നേരിടുന്നത്. യുഎസിലെ പ്രവാസികളെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. അതേസമയം, നിയമവിരുദ്ധ കുടിയേറ്റവും ഭിക്ഷാടനവും ആരോപിച്ച് പതിനായിരക്കണക്കിന് പാകിസ്താനികളെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്ന് നാടുകടത്തുന്നുമുണ്ട്.

