Site iconSite icon Janayugom Online

നിയമനങ്ങള്‍ക്ക് പിന്നാലെ കൂട്ടപ്പിരിച്ചുവിടലും, സൂപ്പര്‍ ഇന്റലിജന്‍സ് ലാബില്‍ 600 തസ്തികകള്‍ ഒഴിവാക്കാന്‍ മെറ്റ

സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ആയിരക്കണക്കിന് തസ്തികകളില്‍ നിന്ന് 600 ഓളം തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ബുധനാഴ്ച പറഞ്ഞു. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.ഫെയ്‌സ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് (FAIR) യണിറ്റിനേയും പ്രൊഡക്ട് അനുബന്ധ എഐ , എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയുമാണ് പുതിയ തീരുമാനം ബാധിക്കുകയെന്ന് കമ്പനി പറഞ്ഞു.

ടീമംഗങ്ങളുടെ എണ്ണം കുറയുന്നതുവഴി കാര്യക്ഷമമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നും ഓരോ ചുമതലകളുടേയും ഉത്തരവാദിത്വം, സാധ്യത, സ്വാധീനം എന്നിവ വര്‍ധിപ്പിക്കാനാവുമെന്നും ചീഫ് എഐ ഓഫീസര്‍ അലക്‌സാണ്ടര്‍ വാങ്ങ് പറഞ്ഞു.

ജോലി നഷ്ടപ്പെടുന്നവരെ കമ്പനിക്കുള്ളില്‍ തന്നെ മറ്റ് ജോലികള്‍ക്ക് അപേക്ഷിക്കാന്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ജോലികള്‍ ഇപ്പോള്‍ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിന് കീഴിലാണ് നടക്കുന്നത്. മെറ്റ ഫൗണ്ടേഷന്‍സ്, പ്രൊഡക്ട് ആന്റ് ഫെയര്‍ യൂണിറ്റ്, ടിബിഡി ലാബ് എന്നിവയെല്ലാം സൂപ്പര്‍ ഇന്റലിജന്‍സ് ലാബിന് കീഴിലാണ് വരുന്നത്. ഓപ്പണ്‍ എഐ, ഗൂഗിള്‍ ഡീപ്പ് മൈന്റ് ഉള്‍പ്പടെ ചെറുതും വലുതുമായ എഐ സ്ഥാപനങ്ങളില്‍ നിന്നുള്ള എഐ വിദഗ്ദരെ ഒന്നിന് പിന്നാലെ ഒന്നായി കൊണ്ടുവന്നാണ് മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ് ശക്തിപ്പെടുത്തിയത്.

Exit mobile version