Site iconSite icon Janayugom Online

ടെക് മേഖലയിലെ കൂട്ടപിരിച്ചുവിടല്‍ ; സാമ്പത്തിക മാന്ദ്യ സമയത്തേക്കാള്‍ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ 2008–2009 വര്‍ഷങ്ങളിലെ  സാമ്പത്തിക മാന്ദ്യ സമയത്തേക്കാള്‍ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം സ്ഥിതി കൂടുതല്‍ വഷളാകുമെന്നും അന്താരാഷ്ട്ര റിപ്പോര്‍ട്ടില്‍ പറയുന്നു. ലേമാൻ ബ്രദേഴ്‌സിന്റെ തകർച്ചയോടെ ആരംഭിച്ച മഹാമാന്ദ്യ സമയത്ത് ജോലി നഷ്ടപ്പെട്ടവരേക്കാള്‍ ഇരിട്ടിപേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നഷ്ടമായി. 2008ല്‍ ടെക് കമ്പനികള്‍ 65,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തൊട്ടടുത്ത വര്‍ഷവും ഈ സംഖ്യയോട് അടുക്കുന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ നടന്നുവെന്ന് കരിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചലഞ്ചര്‍ ഗ്രേ ആന്റ് ക്രിസ്മസ് എന്ന സ്ഥാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഇതുവരെ ആഗോളതലത്തില്‍ 965 ഐടി കമ്പനികള്‍ 1,50,000 തൊഴിലാളികളെ പിരിച്ചുവിട്ടു. മെറ്റ, ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, സെയില്‍സ്ഫോഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ അടുത്തവര്‍ഷം കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ലും അതിനുശേഷവും പ്രവർത്തനക്ഷമത നിലനിർത്തുന്നതിനുള്ള ഐടി കമ്പനികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ പിരിച്ചുവിടലെന്ന് മാർക്കറ്റ്‌വാച്ച് റിപ്പോർട്ടില്‍ പറയുന്നു. കോവിഡിന്റെ തുടക്കം മുതല്‍ 1495 ടെക് കമ്പനികള്‍ 2,46,267 ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2022ല്‍ സ്ഥിതി ഇതിലും വഷളായി. 2023ല്‍ അവസ്ഥ ഇതില്‍ ഭീകരമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഈ വര്‍ഷം നവംബര്‍ മധ്യത്തില്‍ മെറ്റ, ട്വിറ്റര്‍, സെയില്‍സ്ഫോഴ്സ്, നെറ്റ്ഫ്ലിക്സ്, കിസ്കോ, റോകു തുടങ്ങിയ കമ്പനികളുടെ നേതൃത്വത്തില്‍ യുഎസ് ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 75,000 ജീവനക്കാരെ പിരിച്ചുവിട്ടു. 17,000ത്തിലധികം ഇന്ത്യകാര്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടമായത്. പിന്നീട് ആമസോണ്‍, എച്ച്പി തുടങ്ങിയ കമ്പനികളിലും കൂട്ടപ്പിരിച്ചുവിടല്‍ നടന്നു. വരും ദിവസങ്ങളില്‍ ഈ കമ്പനികള്‍ 6000 മുതല്‍ 20,000 വരെ ജീവനക്കാരെ പിരിച്ചുവിട്ടേക്കും. ആഗോളതലത്തില്‍ 4000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമം മെറ്റ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷമാദ്യം ഗൂഗിളും വൻതോതിൽ പിരിച്ചുവിടലിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്.

Exit mobile version