Site iconSite icon Janayugom Online

മണ്ഡലം പുനര്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ ബിജെപിയില്‍ കൂട്ടരാജി

BJPBJP

മണ്ഡലം പുനര്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ബിജെപിയില്‍ കൂട്ടരാജി. മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 200ലധികം പേരാണ് രാജിനല്‍കിയത്. ഹിന്ദു ഭൂരിപക്ഷ പ്രദേശവും ബിജെപി ശക്തികേന്ദ്രവുമായ സുചേത്ഗര്‍ മേഖലയില്‍ പുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങളുടെ എണ്ണം കുറച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തവണ നാലില്‍ മൂന്നിലും ബിജെപി ജയിച്ച മേഖലയാണിത്. ഇരുനൂറിലധികം നേതാക്കള്‍ സംഘടനാ സെക്രട്ടറി അശോക് പണ്ഡിറ്റിന് രാജി നല്‍കിയതായി ബിജെപി നേതാവും സുചേത്ഗര്‍ ബ്ലോക്ക് വികസന കൗണ്‍സില്‍ അധ്യക്ഷനുമായ താര്‍സെം സിങ് പറഞ്ഞു. പുതിയ മണ്ഡലം വേണമെന്നല്ല, നിലവിലുള്ളവ ഇല്ലാതാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സിങ് ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറഞ്ഞു.

മേഖലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്നായ ആര്‍ എസ് പുര പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത നടപടിയിലും സിങ് പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡല പുനര്‍നിര്‍ണയ സമിതിയുടെ നിര്‍ദ്ദേശം വന്നതു മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. സമിതി അംഗവും ബിജെപി ലോക്സഭാംഗവുമായ ജുഗല്‍ കിഷോറിനെ നേരില്‍ കണ്ട് രോഷം അറിയിക്കുകയും ചെയ്തു. മണ്ഡല സംയോജനം പ്രദേശത്തെ സമ്മതിദായകരുടെ ജനാധിപത്യ ശാക്തീകരണത്തെ ഇല്ലാതാക്കുമെന്നാണ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്. പ്രവര്‍ത്തകര്‍ രാജി നല്‍കിയ കാര്യം മറ്റൊരു സംഘടനാ സെക്രട്ടറി കൗളും സമ്മതിച്ചു. സമിതി സമര്‍പ്പിച്ചത് കരട് നിര്‍ദ്ദേശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; mass res­ig­na­tion in Kash­mir bjp

You may also like this video;

Exit mobile version