Site iconSite icon Janayugom Online

ദക്ഷിണാഫ്രിക്കയില്‍ കൂട്ടവെടിവയ്പ്: മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ 11 മരണം

ദക്ഷിണാഫ്രിക്കയില്‍ നടന്ന കൂട്ടവെടിവയ്പില്‍ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രിട്ടോറിയയിൽ സോൾസ്‌വില്ലെ ഹോം സ്റ്റേയില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. 25 പേർക്ക് വെടിയേറ്റതായി പൊലീസ് വക്താവ് അത്‌ലെൻഡ മാത്തേ പറഞ്ഞു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 

ഹോം സ്റ്റേയോട് ചേര്‍ന്ന് വീട്ടില്‍ തന്നെ നിര്‍മ്മിക്കുന്ന മദ്യം വില്‍ക്കുന്ന ഷെബീൻസ് എന്നറിയപ്പെടുന്ന നിയമവിരുദ്ധ ബാറും പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയാണ് വെടിവയ്പുണ്ടായത്. നിയമവിരുദ്ധവും ലൈസൻസില്ലാത്തതുമായ മദ്യശാലകൾ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറൻ കേപ്പ് പ്രവിശ്യയിലെ കേപ് ടൗണിൽ നടന്ന കൂട്ട വെടിവയ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജോഹന്നാസ്ബർഗിന് ശേഷം, സമീപ മാസങ്ങളിൽ തോക്ക് അക്രമത്തിലും കൂട്ടക്കൊലയിലും വര്‍ധനവുണ്ടായിട്ടുണ്ട്.

Exit mobile version