രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു, ഈ വര്‍ഷം തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്ന ഒമ്പതാമത്തെ സംഭവമാണ് ശ്രീകാകുളം ദുരന്തം. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാശിബുഗ്ഗ പട്ടണത്തിലുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചത്. സമാനമായ ദുരന്തങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 130 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.
ശനിയാഴ്ച സ്വകാര്യ ക്ഷേത്രത്തിലുണ്ടായ ഭക്തരുടെ തിക്കിലും തിരക്കിലും ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. പരമാവധി 3000 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ക്ഷേത്രത്തില്‍ അപകട സമയം 20,000 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍.
ഈ വര്‍ഷം തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലെണ്ണം ക്ഷേത്രങ്ങളിലാണ്. രാഷ്ട്രീയ റാലിയിലും ക്രിക്കറ്റ് ആഘോഷത്തിലും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും ദുരന്തമുണ്ടായി.
സെപ്റ്റംബർ 27 ന് തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം മേധാവിയും നടനും രാഷ്ട്രീയക്കാരനുമായ വിജയ് നടത്തിയ റോഡ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ പട്ടണത്തിനടുത്തുള്ള മൻസ ദേവി ക്ഷേത്രത്തിൽ ജൂലൈ 27 ന് ഉണ്ടായ അപകടത്തില്‍ ആറ് പേർ മരിച്ചു. കർണാടകയിലെ ബംഗളൂരുവില്‍ ജൂൺ 4 ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ എം എ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന് പേർ മരിച്ചു. മെയ് 3 ന് പുലർച്ചെ നോർത്ത് ഗോവ ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിച്ചു.
ജനുവരി 28, 29 തീയതികളില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ രാത്രി മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
എന്നാല്‍ മരണസംഖ്യ വളരെ കൂടുതലാണെന്നും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പ്രയാഗ് രാജിലെ ദുരന്തമുണ്ടായി രണ്ടാഴ്ച കഴിഞ്ഞ് ഫെബ്രുവരി 15 ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്കുള്ള ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു. ജനുവരി 9 ന് തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിന് സമീപം ആറ് പേർ മരിച്ചു. ജൂലൈ 29 ന് ഒഡിഷയിലെ പുരിയിൽ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം കുറഞ്ഞത് മൂന്ന് ഭക്തരെങ്കിലും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയില്‍ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2024 ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രാസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യ്ക്ക് വേണ്ടി നടന്ന സത്സംഗത്തിനിടെ ഉണ്ടായ ദുരന്തമാണ്. ഇതിൽ 121 പേർ കൊല്ലപ്പെട്ടു. 2023, 2022, 2021, 2020 വർഷങ്ങളിൽ യഥാക്രമം 32, 22, 25, 14 പേർ തിക്കിലും തിരക്കിലും മരിച്ചതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ടുകൾ പറയുന്നു.

