Site iconSite icon Janayugom Online

ലോകത്തെ ഏറ്റവും വലിയ വിവര ചോര്‍ച്ച; 2,600 കോടിയിലേറെ വിവരങ്ങള്‍ ചോര്‍ന്നു

ട്വിറ്റര്‍, ലിങ്ക്ഡ്ഇൻ പോലുള്ള സമൂഹമാധ്യമങ്ങളിലെ 2,600 കോടിയിലേറെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ വിവര ചോര്‍ച്ചയാണ് ഉണ്ടായതെന്നും ഫോബ്സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്യൂരിറ്റി ഡിസ്കവറി, സൈബര്‍ ന്യൂസ് എന്നിവയില്‍ നിന്നുള്ള ഗവേഷകരാണ് മദേഴ്സ് ഓഫ് ഓള്‍ ബ്രീച്ചസ് എന്ന് വിളിക്കുന്ന വിവര ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ന്ന വിവരങ്ങള്‍ 12 ടെറാബൈറ്റോളം വരുമെന്നും ഫോബ്സ് പറയുന്നു. ഇത് ഉപയോഗിച്ച് ആള്‍മാറാട്ടം, ഫിഷിങ്, സൈബര്‍ ആക്രമണങ്ങള്‍, സ്വകാര്യ അക്കൗണ്ടുകളിലേക്കുള്ള കടന്നുകയറ്റം ഉള്‍പ്പെടെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൈനീസ് മെസേജിങ് ടെൻസെന്റ്, സമൂഹമാധ്യമ പ്ലാറ്റ്ഫോം വെയ്ബോ, അഡോബ്, കാൻവ, ടെലിഗ്രാം എന്നിവയില്‍ നിന്നുള്ള രേഖകളും ചോര്‍ന്നിട്ടുണ്ട്. യുഎസ് സര്‍ക്കാര്‍ സംഘടനകളുടെ വിവരങ്ങളും ചോര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നേരത്തെ ചോര്‍ന്ന പല രേഖകളുടെയും സംയോജനമാണ് ഇതെന്നും പുതുതായി കുറച്ച് വിവരങ്ങള്‍ മാത്രമാണ് നഷ്ടമായതെന്നും ഫോബ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലരുടെയും യൂസര്‍നെയിം, പാസ്‌വേഡ് എന്നിവയും ചോര്‍ന്നിട്ടുണ്ട്.

കുറച്ചുമാത്രം വിവരങ്ങളാണ് ഉള്ളതെങ്കില്‍ കൂടി അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടാം എന്ന് പറയാനാകില്ല. രേഖകള്‍ ചോര്‍ന്നവര്‍ ജാഗരൂകരായിരിക്കണമെന്നും സുരക്ഷാ രേഖകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും സൈബര്‍ വിദഗ്ധൻ ജേക് മോര്‍ അഭിപ്രായപ്പെട്ടു. 2019ല്‍ ഒരു കോടിയിലേറെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ വിവര ചോര്‍ച്ചയായിരുന്നു ഇത്. മൈ സ്പേസില്‍ നിന്ന് 36 കോടി, ട്വിറ്ററില്‍ നിന്ന് 28.1 കോടി, ലിങ്ക്ഡ് ഇനില്‍ നിന്ന് 25.1 കോടി, അഡല്‍റ്റ് ഫ്രണ്ട് ഫൈൻഡറില്‍ നിന്ന് 22 കോടി എന്നിങ്ങനെയാണ് വിവരം ചോര്‍ന്നത്.

Eng­lish Sum­ma­ry: Mas­sive Data Leak Of 26 Bil­lion Records From Sites Like Twitter
You may also like this video

Exit mobile version