Site iconSite icon Janayugom Online

കാസര്‍കോട് വന്‍ മയക്കുമരുന്ന് വേട്ട; 3.5 കോടി മയക്കുമരുന്ന് ശേഖരം പിടികൂടി

arrestarrest

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പളയിൽ 3.5 കോടി രൂപയുടെ വൻ മയക്കുമരുന്ന് വേട്ട. ഉപ്പള പത്വാടി കൊണ്ടാവൂരിലെ ഒരു വീട്ടിൽ നിന്നാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്. ബേക്കൽ ഡിവൈഎസ്‌പി വിവി മനോജിന്റെ നേതൃത്വത്തിൽ ബേക്കൽ ഇൻസ്പെക്ടർ എ സന്തോഷ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. അസ്‌കർ അലി എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ പിടിയിലായിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് സംഘം മയക്കുമരുന്ന് വേട്ട നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് മേല്‍പറമ്പ് കൈനേത്ത് റോഡില്‍ വച്ച് 49.33 ഗ്രാം എംഡിഎംഎയുമായി അബ്ദുല്‍ റഹീം എന്ന രവിയെ പൊലീസ് പിടികൂടിയിരുന്നു. 

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉപ്പളയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. ഉച്ചയോടെ അസ്‌കറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടില്‍ മയക്ക് മരുന്ന് സൂക്ഷിച്ച വിവരം പുറത്തുവന്നത്. തുടര്‍ന്ന് പത്ത്വാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പെട്ടികളില്‍ സൂക്ഷിച്ച മൂന്നുകിലോയോളം തൂക്കമുള്ള എംഡിഎംഎ കണ്ടെത്തി. ഒരുകിലോ കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഒരുകിലോയോളം തൂക്കമുള്ള പേസ്റ്റ് രൂപത്തിലുള്ള ലഹരിമരുന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ലഹരിഗുളികകളും വീട്ടില്‍ നിന്ന് കണ്ടെടുത്തു. എട്ടുവര്‍ഷം മുമ്പ് വീട് വാങ്ങിയവര്‍ അടുത്തകാലത്തായി ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

Exit mobile version