Site iconSite icon Janayugom Online

നഗരത്തിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ

വില്പനയ്ക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. മാതമംഗലം, തായ്ട്ടേരി കളരികണ്ടി ഹൗസിൽ കെ കെ മുഹമദ് ഷഫീക്ക് (37 ) നെയാണ് പുതിയ ബസ് സ്റ്റാന്റ് രാജാജി ജംഗ്ഷൻ ഭാഗത്ത് വെച്ച് നർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. 

രഹസ്യ വിവരത്തെ തുടർന്ന് ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് 254.85 ഗ്രാം എംഡി എംഎയുമായി മുഹമദ് ഷഫീക്ക് പിടിയിലാവുന്നത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസിലാണ് ഇയാൾ കോഴിക്കോട്ടേക്ക് വന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ഷഫീക്ക്. വല്ലപ്പോഴും മാത്രം കോഴിക്കോട് വരുന്ന ഇയാൾ ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. യൂബർ ടാക്സി ഡ്രൈവർ ജോലിയുടെ മറവിൽ ബംഗളൂരുവിൽ ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് ലഹരി കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. വാട്സ് ആപ്പിലൂടെ മാത്രമായിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിൽ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് ഇയാൾ ലഹരി മരുന്നുമായി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്ത്രപരമായി പിടികൂടുകയായിരുന്നു. ആർക്ക് വേണ്ടിയാണ് ലഹരി മരുന്നുമായി കോഴിക്കോട്ടേക്ക് വന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ കൂട്ടികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നടക്കാവ് എസ് ഐ എൻ ലീല പറഞ്ഞു. ഡൻസാഫ് എസ് ഐ മനോജ് ഇടയേടത്ത്, അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, ലതീഷ് എം ക, സരുൺകുമാർ പി കെ, ഷിനോജ് എം, ശ്രീകാന്ത് എൻ കെ, അഭിജിത്ത് പി, മഷ്ഹൂർ കെ എം, ദിനീഷ് പി കെ, അതുൽ ഇ, നടക്കാവ് സ്റ്റേഷനിലെ എസ് ഐ സാബുനാഥ്, എ എസ് ഐ സന്തോഷ്, എസ് സി പി ഒമാരായ ശ്രീരാഗ്, രാകേഷ്, ഷിഹാബുദ്ദീൻ, ഹരീഷ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Exit mobile version