Site iconSite icon Janayugom Online

ഇറാനിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്ഫോടനം

ടെഹ്റാന്‍: തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 516 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തന സംഘടനയുടെ തലവനായ ബാബക് മഹ്മൂദിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് സംഭവം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. തുറമുഖത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ‍്നറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 

തീപിടിക്കുന്ന വസ്തുക്കൾ കൈ­കാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഷാഹിദ് രജായി തുറമുഖത്തുണ്ടായ സ്ഫോടനത്തിനും തീപിടിത്തത്തിനും ഇറാനിയൻ പെട്രോളിയം റിഫൈനിങ് ആന്റ് ഡിസ്ട്രിബ്യൂഷനുമായി ബന്ധമില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സ്ഫോടനം എണ്ണ ശുദ്ധീകരണശാലയെ ബാധിച്ചിട്ടില്ല. സ്ഫോടനത്തിൽ മരിച്ചവര്‍ക്ക് പ്രസിഡന്റ് മഹ്മൂദ് പെസഷ്കിയാന്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പ്രസിഡന്റ്, മേല്‍നോട്ടത്തിനായി ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമെനി പ്രദേശം സന്ദർശിക്കും. 

2020ൽ ഇതേ തുറമുഖത്തെ ക­മ്പ്യൂട്ടര്‍ ശൃംഖലകളില്‍ സെെബര്‍ ആക്രമണമുണ്ടായിരുന്നു. ഇസ്രയേലാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, തുറമുഖത്തെ സ്ഫോടനത്തില്‍ ഇസ്രയേലിന് പങ്കുണ്ടോ എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 1,050 കിലോമീറ്റർ തെക്കുകിഴക്കായി, പേർഷ്യൻ ഗൾഫിന്റെ ഇടുങ്ങിയ മുഖമായ ഹോർമുസ് കടലിടുക്കിലാണ് രജായി തുറമുഖം. ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഈ തുറമുഖത്തിലൂടെയാണ്. പ്രതിവർഷം 80 ദശലക്ഷം ടൺ ചരക്കുകളാണ് തുറമുഖം കെെകാര്യം ചെയ്യുന്നത്. 

Exit mobile version