Site iconSite icon Janayugom Online

ആയുഷ്മാന്‍ ഭാരതില്‍ വന്‍ ക്രമക്കേട്; കുറ്റസമ്മതവുമായി കേന്ദ്രം

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വന്‍തോതില്‍ ക്രമക്കേട് നടക്കുന്നതായി കുറ്റസമ്മതം നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആയുഷ്മാൻ ഭാരത്-ദുരുപയോഗം ചെയ്തതിന് 1,504 ആശുപത്രികളിൽ നിന്ന് 122 കോടി പിഴ ഈടാക്കിയതായും നാഷണൽ ഹെൽത്ത് അതോറിട്ടി (എൻഎച്ച്എ) രാജ്യത്തെ 1,114 ആശുപത്രികളെ ഡി-എംപാനൽ ചെയ്തിട്ടുണ്ടെന്നും രാജ്യസഭയിൽ ഒരു ചോദ്യത്തിനുള്ള മറുപടിയിയില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപറാവു ജാദവ് വെളിപ്പെടുത്തി. 

നേരത്തെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഗുരുതര ക്രമക്കേടെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അസാധുവായ പേരുകള്‍, വ്യാജ ജനനത്തീയതി, വ്യാജ തിരിച്ചറിയല്‍ രേഖകള്‍, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ ക്രമക്കേടുകളും സിഎജി കണ്ടെത്തിയിരുന്നു. പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന, ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട്, മൂന്ന് തലങ്ങളിലുള്ള പൊതു-സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കായി ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിന്റെ സാമ്പത്തിക പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 

തട്ടിപ്പുകള്‍ തടയുന്നതിനായി ആധാർ ഇ‑കെവൈസി മുഖേന ഗുണഭോക്താക്കളെ പരിശോധിച്ചുറപ്പിക്കുന്നതായി സർക്കാർ മറുപടിയില്‍ പറയുന്നു. കൂടാതെ, സേവനങ്ങൾ ലഭ്യമാക്കുന്ന സമയത്ത് ഗുണഭോക്താക്കൾ ആധാർ പ്രാമാണീകരണത്തിന് വിധേയരാകണം. ദുരുപയോഗം കണ്ടെത്താൻ എൻഎച്ച്എ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായും മറുപടിയില്‍ പറയുന്നു. 

അതിനിടെ അര്‍ബുദം അടക്കമുള്ള ഗുരുതര രോഗങ്ങളുടെ ഉയര്‍ന്ന വിലയുള്ള മരുന്നുകളുടെ തുക ആയുഷ‍്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വിപുലമായ കവറേജ് ഉണ്ടാക്കണമെന്ന് ആരോഗ്യ‑കുടുംബക്ഷേമ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ‍്തു. എന്നാല്‍ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കിടത്തിച്ചികിത്സാ ചെലവുകള്‍ വഹിക്കുന്നുണ്ടെന്നും ആയുഷ‍്മാന്‍ ആരോഗ്യ മന്ദിര്‍ വഴി ചില മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഉള്ള മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റിക്ക് നല്‍കിയത്.

ആയുഷ‍്മാന്‍ ഭാരത് നടപ്പാക്കുന്നത് സംബന്ധിച്ച 151-ാം റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിലും നിരീക്ഷണങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള സമിതിയുടെ റിപ്പോര്‍ട്ടിലാണ് മരുന്ന് കവറേജ് അടക്കമുള്ള കാര്യങ്ങളുള്ളത്. പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ‍്ത 45 കാര്യങ്ങളില്‍ 25 എണ്ണം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 11 എണ്ണം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രതികൂല പ്രതികരണത്തെ തുടര്‍ന്ന് സമിതി പിന്തിരിഞ്ഞു. ഒമ്പത് ശുപാര്‍ശകളില്‍ സര്‍ക്കാര്‍ മറുപടികളോട് കമ്മിറ്റി വിയോജിക്കുകയും കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. 

Exit mobile version