Site iconSite icon Janayugom Online

കൈവിട്ട കളി: രാജ്യത്ത് വന്‍ പ്രതിപക്ഷ പ്രതിഷേധം

പാകിസ്ഥാന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ശുപാര്‍ശയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയത്. ഭരണഘടനയുടെ അനുച്ഛേദം 58(1), 48(1) എന്നിവ പ്രകാരമാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടതെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി അറിയിച്ചു.

പാർലമെന്റിൽ തനിക്കെതിരെ അവിശ്വാസ പ്രമേയം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്തത്. തുടർന്ന് മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർ‌ത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസപ്രമേയം നിരാകരിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചു. നടപടി അനുച്ഛേദം അഞ്ചിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. എന്നാല്‍ സ്പീക്കറുടെ അധികാരത്തിന് പരിധികളില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ അനുകൂലികളുടെ വാദം. പാര്‍ലമെന്റിന് മുന്നിലും രാജ്യത്ത് വിവിധയിടങ്ങളിലും ഇമ്രാന്‍ അനുകൂലികള്‍ പ്രകടനം നടത്തി.

രാജ്യത്തെ അട്ടിമറിനീക്കങ്ങള്‍ക്ക് പിന്നില്‍ യുഎസ് ഗൂഡാലോചനയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ ഡൊണാള്‍ഡ് ലു യുഎസിലെ പാക് സ്ഥാനപതിയെ ഭീഷണിപ്പെടുത്തിയതായും ഇമ്രാന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് തയാറെടുക്കുവാനും ഇമ്രാന്‍ ഖാന്‍ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

അടിയന്തരമായി ഇടപെടില്ലെന്ന് സുപ്രീം കോടതി

പാർലമെന്റ് പിരിച്ചുവിട്ട പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടിക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയില്‍. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇതിനായി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് ഇന്ന് സിറ്റിങ് നടത്തും.

പ്രസിഡന്റ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, സ്പീക്കർ എൻ എ അസദ് ഖൈസർ, ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി എന്നിവർക്കെതിരെ ഭരണഘടനാ ലംഘനം ആരോപിച്ചാണ് പ്രതിപക്ഷം സുപ്രീം കോടതിയിൽ പരാതി നൽകിയത്.

Eng­lish Sum­ma­ry: Mas­sive oppo­si­tion protest against Imran Khan

You may like this video also

Exit mobile version