Site iconSite icon Janayugom Online

അഫ്‌സ്‌പ, കൂട്ടക്കൊല: അമിത് ഷായ്ക്കെതിരെ നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം

സൈന്യം നടത്തിയ കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പുപറയണമെന്ന ആവശ്യവുമായി നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം. മോണ്‍ ജില്ലാ ആസ്ഥാനത്ത് നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ അമിത് ഷായുടെ കോലം കത്തിച്ചു. ഈ മാസം നാലിന് രാത്രിയായിരുന്നു മോണ്‍ ജില്ലയിലെ ടിരു ഗ്രാമത്തില്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറ് തൊഴിലാളികള്‍ 21 പാരാ സ്പെഷല്‍ ഫോഴ്സ് കമാന്‍ഡോ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഒമ്പത് ഗ്രാമീണര്‍ക്കും ഒരു സൈനികനും ജീവന്‍ നഷ്ടമായി.

സംഭവത്തില്‍ രാജ്യത്ത് ഏറെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് അമിത് ഷാ നടത്തിയതെന്ന് കൊല്ലപ്പെട്ട ഗ്രാമീണര്‍ ഉള്‍പ്പെടുന്ന കൊന്യാക് ഗോത്ര നേതാക്കള്‍ ആരോപിക്കുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും വാഹനം നിര്‍ത്തിയില്ലെന്നും ഇതാണ് വെടിവയ്പ്പിന് കാരണമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം പാര്‍ലമെന്റ് രേഖകളില്‍ നിന്നും നീക്കുക, സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്‌പ) പിന്‍വലിക്കുക എന്നിവ ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി കൊന്യാക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഹോനാങ് കൊന്യാക് അറിയിച്ചു. അഫ്‌സ്‌പ പിന്‍വലിക്കണമെന്ന് നേരത്തെ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫിയു റിയോയും മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നാഗാലാന്‍ഡില്‍ ഇതുവരെ മനുഷ്യാവകാശ കമ്മിഷന്‍ ഇല്ല

അഫ്‌സ്‌പ പോലുള്ള നിയമങ്ങളുടെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന നാഗാലാന്‍ഡില്‍ നിലവിൽ മനുഷ്യാവകാശ കമ്മിഷനില്ല. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം രാജ്യത്ത് പാസായിട്ട് 28 വര്‍ഷമായി. എന്നാല്‍ ഇതുവരെ മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തിട്ടില്ല. ഇതിനെതിരെ സന്നദ്ധ സംഘടനയായ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവ് (സിഎച്ച്ആര്‍ഐ) രംഗത്തുവന്നിട്ടുണ്ട്.
14 ഗ്രാമീണര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ചര്‍ച്ചകളുയര്‍ന്നത്. സംസ്ഥാനത്ത് മനുഷ്യാവകാശ കമ്മിഷന്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിനോടും ദേശീയ മനുഷ്യാവകാശ കമ്മിഷനോടും സിഎച്ച്ആര്‍ഐ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് സിഎച്ച്ആര്‍ഐ.

സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമം നാഗാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പുതന്നെ, 1958ല്‍ അന്നത്തെ അസമിലെ നാഗാ ഹില്‍സ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സി എച്ച്ആര്‍ഐ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും അതിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ നടത്താനും മാത്രമെ നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മിഷന് അധികാരമുള്ളൂവെന്നും അവര്‍ വ്യക്തമാക്കുന്നു. മോണ്‍ ജില്ലയില്‍ നടന്ന വെടിവയ്പിന് ശേഷം മാധ്യമവാര്‍ത്തകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിനും നാഗാലാന്‍ഡ് സര്‍ക്കാരിനും എന്‍എച്ച്ആര്‍സി നോട്ടീസ് അയച്ചിരുന്നു.

ENGLISH SUMMARY:Massive protest in Naga­land against Amit Shah
You may also like this video

Exit mobile version