Site iconSite icon Janayugom Online

തൊഴിലുറപ്പ് തകര്‍ക്കരുത് വന്‍ പ്രതിഷേധം; പാര്‍ലമെന്റിനകത്തും പുറത്തും ഗാന്ധിച്ചിത്രങ്ങളേന്തി പ്രകടനങ്ങള്‍

ദശകോടിക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാര്‍ക്ക് ഉപജീവനം ഉറപ്പുവരുത്തിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) യുടെ പേരും ഘടനയും മാറ്റി ഇല്ലാതാക്കുന്ന ബില്ലിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം. ഇതിനിടയിലും എംജിഎന്‍ആര്‍ഇജിഎക്ക് പകരമുള്ള വി ബി — ജി ആര്‍എഎംജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍. കേന്ദ്ര ഗ്രാമ വികസന വകുപ്പു മന്ത്രി ശിവരാജ് സിങ്ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. അവതരണത്തെ എതിര്‍ത്ത് പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളും ഗാന്ധി പോസ്റ്ററുകളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിരോധം സൃഷ്ടിച്ചതിനിടയിലും ഭൂരിപക്ഷ അഹങ്കാരത്തില്‍ സഭ ബില്ലവതരണത്തിന് അനുമതി നല്‍കുകയായിരുന്നു. പ്രതിഷേധത്തെ രാമമന്ത്രങ്ങളുമായി ഭരണപക്ഷം നേരിടാന്‍ ശ്രമിച്ചതില്‍ നിന്നുതന്നെ ഗാന്ധിജിയോടും തൊഴിലുറപ്പ് പദ്ധതിയോടുമുള്ള ബിജെപി വെറുപ്പ് പ്രകടമായി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സഭ ഉച്ചതിരിഞ്ഞ് രണ്ടു വരെ പിരിഞ്ഞു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സഭയ്ക്ക് പുറത്ത് പാര്‍ലമെന്റ് വളപ്പിലെ മുഖ്യ കവാടത്തിലും ഗാന്ധി പ്രതിമയ്ക്കു മുന്നിലും പ്ലക്കാര്‍ഡുകളുമായി പ്രകടനം നടത്തി. ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് സിപിഐ നേതാക്കളായ പി സന്തോഷ് കുമാര്‍, പി പി സുനീര്‍, കെ സുബ്ബരായന്‍, കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എംജിഎന്‍ആര്‍ഇജിഎ എന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നും രാഷ്ട്ര പിതാവിനെ മാറ്റി. പകരം വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ (വി ബി-ജി ആര്‍എഎംജി) എന്നാണ് പുതുക്കിയ പേര്. ഇതിനു പുറമെ പദ്ധതിയില്‍ നിന്നും കേന്ദ്രം പിന്‍വലിയുന്നതിന്റെ വ്യവസ്ഥകളും ബില്ലിലുണ്ട്. കേന്ദ്ര നടപടിക്കെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളികളും ഇതര ബഹുജന പ്രസ്ഥാനങ്ങളും പ്രതിഷേധം സംഘടിപ്പിച്ചു. 

Exit mobile version