Site icon Janayugom Online

രാജ്യമെങ്ങും വന്‍ പ്രതിഷേധം; അസമില്‍ നാളെ ബന്ദ്

ഗുവാഹട്ടി: വിവാദ പൗരത്വ (സിഎഎ) നിയമത്തിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം പടരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ സമരം രൂക്ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ കോലങ്ങളും വിവാദ നിയമത്തിന്റെ കോപ്പികളും പ്രതിഷേധക്കാര്‍ കത്തിച്ചു. 2019ലെ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗ് അടക്കം ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. യുവജന സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിൻ തടഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നിയമം നടപ്പാക്കുന്ന പക്ഷം അതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്‌യു) നേതാവ് സമുജല്‍ കുമാര്‍ ഭട്ടാചാര്യ പറഞ്ഞു. 1971ല്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ജനങ്ങള്‍ക്ക് തിരിച്ചടി സൃഷ്ടിക്കുന്നതാണ് പൗരത്വ നിയമമെന്നാണ് എഎഎസ്‌യു നിലപാട്. അസം ജാതീയ പരിഷത്ത് ഉള്‍പ്പെടെ വിവിധ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹി ജവഹർലാല്‍ നെഹ്രു സർവകലാശാല, ജാമിയ മില്ലിയ സർവകലാശാല എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു. ഡല്‍ഹി സര്‍വകലാശാലയിലുണ്ടായ പ്രതിഷേധത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഷഹീൻ ബാഗില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. കേരളത്തില്‍ ഇടത് യുവജന സംഘടനകളും വിവിധ മുസ്ലിം സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി.

Eng­lish Sum­ma­ry: Mas­sive protests across the coun­try; Bandh tomor­row in Assam

You may also like this video

Exit mobile version