Site iconSite icon Janayugom Online

ഇസ്രായേലിൽ നിർബന്ധിത സൈനിക സേവനത്തിനെതിരെ വൻ പ്രതിഷേധം; ‘ഹരേദി’ പ്രകടനത്തിനിടെ യുവാവ് മരിച്ചു

ഇസ്രായേലിൽ നിർബന്ധിത സൈനിക സേവനത്തിനെതിരെ ജൂത വിഭാഗമായ ഹരേദികൾ നടത്തിയ വൻ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. 2 ലക്ഷത്തിലേറെ ഹരേദികളാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ജറുസലേമിൻ്റെ പ്രവേശന കവാടം തടസ്സപ്പെടുത്തിക്കൊണ്ട് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രകടനം കാണാൻ ബഹുനില കെട്ടിടത്തിൽ കയറിനിന്ന മെനാഹേം മെൻഡൽ ലിറ്റ്‌സ്‌മാൻ എന്ന 20കാരൻ ദുരൂഹസാഹചര്യത്തിൽ വീണു മരിച്ചു. ഇയാളുടെ മരണം ആത്മഹത്യയാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മരണവാർത്ത പരന്നതോടെ സംഘാടകർ പ്രതിഷേധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും, പരിപാടി അവസാനിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ചിലർ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ബലം പ്രയോഗിച്ചതിനെ തുടർന്ന് പലയിടത്തും പോലീസുമായി ഏറ്റുമുട്ടൽ നടന്നു. പ്രതിഷേധം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടും നൂറുകണക്കിന് യുവാക്കൾ ലിറ്റ്‌സ്‌മാൻ വീണു മരിച്ച സ്ഥലത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തു.

Exit mobile version