സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടന്നിരുന്ന ജില്ല എന്ന ദുഷ്പേര് മാറ്റാനുള്ള മലപ്പുറത്തിന്റെ തീവ്രശ്രമം ഫലം കണ്ടു. ഗാർഹിക പ്രസവങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യാംപയിൻ്റെ ഫലമായി ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടക്കുന്ന ജില്ലയാണ് മലപ്പുറം. എന്നാൽ, ഈ സവിശേഷ സാഹചര്യം മാറ്റിയെടുക്കാൻ ലക്ഷ്യമിട്ട് ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിനാണ് ആരോഗ്യ വകുപ്പ് ഒരു ബൃഹത്തായ ക്യാംപയിൻ ആരംഭിച്ചത്. ആശുപത്രിയിലെ പ്രസവം 100% ആക്കുന്നതിനുള്ള സാമൂഹിക ഇടപെടലുകൾ എന്ന നിലയിൽ ജില്ലയിലുടനീളം ആശുപത്രിയിൽ പ്രസവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.
ഈ ക്യാംപയിൻ്റെ ഫലം ആരോഗ്യ വകുപ്പിൻ്റെ കണക്കുകളിൽ വ്യക്തമാണ്. ക്യാംപയിൻ തുടങ്ങുന്നതിന് മുൻപുള്ള 2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 61 ഗാർഹിക പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ജനുവരിയിൽ 25, ഫെബ്രുവരിയിൽ 13, മാർച്ചിൽ 23 എന്നിങ്ങനെയായിരുന്നു ആ മാസങ്ങളിലെ കണക്കുകൾ. എന്നാൽ, ക്യാംപയിൻ തുടങ്ങിയ ഏപ്രിൽ മാസത്തിൽ ഇത് വെറും ആറ് ഗാർഹിക പ്രസവങ്ങളായി കുറഞ്ഞു. പിന്നീട് മെയ് മാസത്തിൽ മൂന്നും, ജൂണിൽ നാലും, ജൂലൈയിൽ അഞ്ചും ഗാർഹിക പ്രസവങ്ങൾ മാത്രമാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

