കർണാടകയിലെ വിജയപുര ജില്ലയിലെ മനഗുളി ടൗൺ കാനറ ബാങ്ക് ശാഖയിൽ വൻ കവർച്ച. ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 59 കിലോഗ്രാം പണയ സ്വർണാഭരണങ്ങളും അഞ്ചര ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടു. മെയ് 23‑നും 25‑നും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് അറിയിച്ചു.
ബാങ്കിൽ നടത്തിയ ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. തുടർന്ന് ബാങ്ക് മാനേജർ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
ബാങ്കിന്റെ പുറകുവശത്തുള്ള ജനൽ കമ്പി വളച്ചാണ് കവർച്ചാസംഘം അകത്തുകടന്നത്. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി മന്ത്രവാദം നടത്തിയെന്ന വ്യാജേന ഒരു വിഗ്രഹം ബാങ്കിനുള്ളിൽ ഉപേക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത പോലീസ്, അന്വേഷണത്തിനായി 8 പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

