കെ ടി സുരേഷിനെ അവസാനമായി കണ്ടത് രണ്ട് മാസം മുമ്പാണ്. അത്രയ്ക്കും അവശനായി കിടന്ന സഖാവിന് എന്നെ മനസിലായോ എന്നുപോലും അറിയില്ല. കൺകോണുകളിൽ രണ്ടിറ്റ് കണ്ണീർ വന്നു. അത് മനസിലാക്കിയതിന്റെ ലക്ഷണമാണെന്ന് വിശ്വസിക്കാം. മനസിലാക്കിയാൽ ആ അവസ്ഥയിൽ സുരേഷിന് കണ്ണീർ പൊഴിക്കാനേ കഴിയുമായിരുന്നുള്ളൂ. എത്ര വേദനാജനകമാണെങ്കിലും സുരേഷിന്റെ മരണം യാതനയിൽ നിന്നുള്ള ഒരു രക്ഷപ്പെടലാണെന്നേ ഞാൻ പറയൂ. സുരേഷിന്റെ ഭാര്യയും മക്കളും അടക്കം എന്നോട് യോജിക്കും എന്ന് തോന്നുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് എഐഎസ്എഫ് കാലത്ത് ആരംഭിക്കുന്നു ഞങ്ങളുടെ ബന്ധം. സുരേഷ് ക്രിസ്ത്യൻ കോളജിലും ഞാൻ ഏറണാകുളം കളമശേരി കോളജിലും. എഐഎസ്എഫിന്റെ കോഴിക്കോട്ടെ പ്രധാന നേതാവായിരുന്നു സുരേഷ്. പ്രശാന്തനും രാധാകൃഷ്ണനും അസീസും ജയഗോപാലും സത്യൻ മൊകേരിയും ഇ കെ വിജയനും എല്ലാമുള്ള കോഴിക്കോട്ടെ എഐഎസ്എഫ് സജീവതയുടെയും സ്നേഹത്തിന്റെയും ഒരു കൂടായിരുന്നു. സ. സുരേഷ് അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനായിരുന്നു. അതും എഐഎസ്എഫിന് കൈമുതലാക്കി മാറ്റാൻ സാമർത്ഥ്യമുള്ള വിദ്യാർത്ഥി നേതാവ്. സുരേഷിന്റെ വീട് ആദ്യാവസാനം പാർട്ടി കുടുംബമായിരുന്നു. കെ ടി ഗോപാലൻ മാഷ്, സുരേഷിന്റെ അമ്മ രുഗ്മിണി ചേച്ചി, അനിയത്തി ആശ എല്ലാവരും കൂറും നേരുമുള്ള കമ്മ്യൂണിസ്റ്റുകാർ. കെഡിഎഫിന്റെ എതിർഭാഗത്തുള്ള നടപ്പാതയോട് ചേർന്ന വളരെ ചെറിയ ഒരു വീടായിരുന്നു അത്. ദൂരെയുള്ള ഞങ്ങളെല്ലാം വെളുപ്പിനേ കോഴിക്കോട് ബസിറങ്ങിയാൽ നേരെ പോകുന്നത് നിന്നുതിരിയാൻ ഇടമില്ലാത്ത ആ കൊച്ചു വീട്ടിലേക്കായിരുന്നു. അവിടെ ഞങ്ങൾക്കെല്ലാം എപ്പോഴും പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. കുളിച്ചുവരുമ്പോഴേക്കും അമ്മ ചൂടാറുന്ന പുട്ടും കറിയും തയ്യാറാക്കി വച്ചിരിക്കും. അത് കഴിച്ചിട്ടേ അവിടുന്നിറങ്ങാവൂ. ആ സ്നേഹബന്ധങ്ങളുടെ കണ്ണിയാണ് അറ്റുപോയത്. അറിയാതെ എന്റെ കൺകോണിലും രണ്ടിറ്റ് കണ്ണുനീർ നിറയുന്നു.
ഇതുകൂടി വായിക്കൂ: സംഗീത കലയിലെ പൊന്നമ്മ
മറക്കാനാവാത്ത 45 ദിവസത്തെ ഒരു സഹവാസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. സുരേഷ് അന്ന് വിദ്യാർത്ഥി രംഗം വിട്ട് കോഴിക്കോട് ജനയുഗത്തിന്റെ സബ് എഡിറ്ററായിക്കഴിഞ്ഞിരുന്നു. ഞാൻ അപ്പോഴും എഐഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഒന്നരമാസം നീണ്ടുനിൽക്കുന്ന പാർട്ടി ക്ലാസിലേക്ക് വിദ്യാർത്ഥികളായി പാർട്ടി ഞങ്ങളെ പറഞ്ഞയച്ചു. ഹൈദരാബാദിലെ മഘ്ദൂം ഭവനിലായിരുന്നു ക്ലാസ്. സി രാജേശ്വരറാവുവും എന്‍ രാജശേഖര റെഡ്ഡിയും ഭൂപേശ് ഗുപ്തയും എൻ കെ കൃഷ്ണനും എം ഫാറൂഖിയും എല്ലാമായിരുന്നു അധ്യാപകർ. ആ 45 ദിവസങ്ങളില്‍ ഞങ്ങൾ നല്ലവണ്ണം പഠിച്ചു. പാർട്ടി ഓഫിസിൽ നിന്ന് ഹുസൈൻ സാഗർ വരെ എന്നും നടക്കാൻ പോയി. ആ നടത്തത്തിലും പരസ്പരം ഏറെ അടുത്തു. തിരിച്ചുവന്ന് ആഹാരം കഴിഞ്ഞാൽ അന്നന്ന് പഠിച്ച് കാര്യങ്ങളെപ്പറ്റി ഗ്രൂപ്പ് ചർച്ചയുണ്ട്. ആ ചർച്ചകളിലും ഞങ്ങൾ സജീവമായിരുന്നു. അതു കഴിഞ്ഞാൽ ഉറങ്ങുംമുമ്പ് മുറ്റത്തിരുന്ന് ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള പാട്ടുകൾ പാടി അർത്ഥം പറഞ്ഞുകൊടുത്തിട്ടേ ഞങ്ങളെല്ലാം ഉറങ്ങാൻ പോയിരുന്നുള്ളൂ. സുരേഷ് അതിലെല്ലാം സജീവ പങ്കാളിയായിരുന്നു. അന്ന് മൊബൈൽ ഫോണുകൾ സങ്കല്പത്തിൽപോലുമുണ്ടായിരുന്നില്ല. കത്തുകളായിരുന്നു ഏക മാർഗം. വീട്ടിൽനിന്നുള്ള കത്തുകളും സുഹൃത്തുക്കളുടെ കത്തുകളുമെല്ലാം ഞങ്ങൾ പരസ്പരം വായിച്ചു. അത്രയും ആഴമേറിയ ബന്ധമായിരുന്നു.
ഇതുകൂടി വായിക്കൂ: സംഗീത കലയിലെ പൊന്നമ്മ
സുരേഷ് പിന്നീട് പത്രത്തിൽ കൂടുതൽ ചുമതലകൾ വഹിച്ചു. ഞാൻ എസ്എഫ് വിട്ട് വൈ എഫിലും പിന്നെ ഡബ്ല്യുഎഫ്ഡിവൈയിലും പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടു. 1987ൽ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ പാർട്ടി എന്നെ പറഞ്ഞയച്ചത് ജനയുഗത്തിന്റെ പത്രാധിപനാകാനായിരുന്നു. 1987 ഫെബ്രുവരിയിൽ പത്രാധിപത്യം ഏൽക്കാൻ വന്ന ആ ദിവസം ഓർമ്മയിലുണ്ട്. വെള്ളയിൽ ജോസഫ് റോഡിലെ പഴയ, വീഴാറായ കെട്ടിടത്തിന്റെ ആദ്യമുറിയിൽ പി വി ഗംഗാധരേട്ടനും പി ഗോപാലൻകുട്ടിമേനോനും. അവരാണ് മാനേജ്മെന്റ്. ദാരിദ്ര്യമായിരുന്നു ജനയുഗത്തിന്റെ മുഖമുദ്ര. ആർക്കും വേജ് ബോർഡ് ശമ്പളമൊന്നുമില്ല. എല്ലാവർക്കും പാർട്ടി അലവൻസ്. ജോലിയില്ലെങ്കിൽ ആനുപാതികമായി ശമ്പളം കുറവായിരിക്കും. പത്രാധിപരെക്കാൾ അച്ചുനിരത്തുന്നവർക്ക് ശമ്പളം കിട്ടുമായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. സുരേഷിന്റെയും എന്റെയും ഭാര്യമാർക്ക് ജോലിയുണ്ടായിരുന്നതുകൊണ്ട് അലവൻസ് കുറവാണെങ്കിലും ഞങ്ങളുടെ വീടുകളിൽ പ്രയാസം കുറവായിരുന്നു. ആ കാലം എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു.
പത്രപ്രവർത്തനം ഇഷ്ടപ്പെട്ട് ആ വഴിക്ക് വന്നവനല്ല ഞാൻ. പാർട്ടി തീരുമാനിച്ചപ്പോൾ പത്രാധിപനായവനാണ്. അന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരെന്നാണ് ഒരു പൊതു ചടങ്ങിൽവച്ച് എം പി വീരേന്ദ്രകുമാർ എന്നെ പരിചയപ്പെടുത്തിയത്. ആ പത്രാധിപരെ പത്രപ്രവർത്തനം പഠിപ്പിച്ചത് ആരാണെന്ന് അന്നും പിന്നീടും ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഓർമ്മകളിലേക്ക് പല മുഖങ്ങളും കടന്നുവരും. അതിൽ ആദ്യത്തെ ഒരു മുഖമാണ് സുരേഷിന്റേത്. അന്ന് വാർത്തകൾക്ക് ഞങ്ങൾ ആശ്രയിച്ചത് യുഎൻഐയും പിടിഐയും ടെലിപ്രിന്ററിലൂടെ അയക്കുന്ന കണ്ടന്റുകളായിരുന്നു. അവ പരിഭാഷപ്പെടുത്തുക മാത്രമല്ല ജനയുഗത്തിന്റെ രാഷ്ട്രീയത്തിനനുസരിച്ച് അതിനെ വ്യാഖ്യാനിക്കലും ഞങ്ങളുടെ ജോലിയായിരുന്നു. അവിടെ തീരുന്നില്ല. മുഖപ്രസംഗം എഴുത്തും ലോക രാഷ്ട്രീയവുമെല്ലാം ഞങ്ങൾ മാറിമാറി ചെയ്തിരുന്നു. അവിടെയെല്ലാം സുരേഷിന്റെ കൈത്തഴക്കവും വേഗതയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കെ ദാമോദരനോടൊപ്പം നവയുഗത്തിൽ സഹപത്രാധിപരായിരുന്ന എ കെ തങ്കപ്പൻ (ഞങ്ങൾ അദ്ദേഹത്തെ തങ്കപ്പേട്ടൻ എന്നു വിളിച്ചു), പാർട്ടി ഒന്നായിരുന്നപ്പോൾ ദേശാഭിമാനിയിൽ പ്രവർത്തിച്ച കെ പി മുഹമ്മദ് കോയ (ഞങ്ങള്‍ക്കദ്ദേഹം കെ പിയായിരുന്നു) എന്നിവരായിരുന്നു കാരണവൻമാർ. അവർക്കൊപ്പം കെ പി വിജയകുമാറും എം ജയതിലകനും പി രാജഗോപാലും ഉൾപ്പെടെ പ്രതിഭാശാലികളുണ്ടായിരുന്നു. അന്ന് ജനയുഗത്തിലെ പ്രൂഫ് റീഡർ കാരയാട് കുഞ്ഞിരാമേട്ടനായിരുന്നു. ഇളം പുഞ്ചിരിയും നിറഞ്ഞ എളിമയുമായി ജീവിച്ച കുഞ്ഞിരാമേട്ടൻ ഒന്നാന്തരം കവിതകളെഴുതുമായിരുന്നു. പേരുകേട്ട പല കവികള്‍ക്കുമൊപ്പം മികവുണ്ടായിരുന്ന ആ മനുഷ്യൻ പക്ഷേ കവിയാണെന്ന് എവിടെയും ഭാവിച്ചിട്ടേയില്ല.
ഇതുകൂടി വായിക്കൂ: സംഗീത കലയിലെ പൊന്നമ്മ
വാർത്തകൾക്കു പിന്നാലെ നുഴഞ്ഞുപോയിരുന്ന കെ പി വിജയകുമാറായിരുന്നു ബ്യൂറോ ചീഫ്. ഐ എം ശശിയുൾപ്പെടെയുള്ളവരുണ്ടായിരുന്നു. അവരിൽ ചിലർ ഇപ്പോൾ മലയാളത്തിലെ അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ വലിയ ചുമതലകൾ വഹിക്കുന്നവരാണ്. ആദ്യം പറഞ്ഞ ഒന്നുരണ്ടു പേരുകളൊഴികെ ബാക്കിയുള്ളവരെല്ലാം 10 മണിക്ക് ഓഫിസിലെത്തിയാൽ ആദ്യത്തെ പത്രം പുറത്തിറങ്ങി കണ്ടതിനുശേഷം മാത്രം തിരിച്ചുപോകുന്നവരായിരുന്നു. ചിലപ്പോൾ തിരിച്ചുപോക്ക് 12 മണിക്കും ഒരു മണിക്കുമായിരിക്കും. അച്ചടിമഷി നിറയെ പുരണ്ടിരിക്കും. ഷിഫ്റ്റ് എന്ന കാര്യം ഞങ്ങൾക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. ഇടയ്ക്കിടക്ക് പുറത്ത് പ്രസംഗിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും ഞാൻ പോകുമ്പോള്‍ എന്റെ ജോലി കൂടി ആ സഖാക്കൾ പങ്കിട്ടെടുക്കും. ചില ദിവസങ്ങളിൽ ജോലിചെയ്ത് തളരുമ്പോൾ അതേച്ചൊല്ലി സുരേഷ് എന്നോട് ശണ്ഠകൂടിയിട്ടുമുണ്ട്. എന്നാൽ അതിന്റെയെല്ലാം അടിയിൽ ആഴത്തിലുള്ള ഇടമായിരുന്നു എന്നും ഞങ്ങളുടെ മുന്നിൽ.
ഞങ്ങളാരും തന്നെ ഏതെങ്കിലും ജേണലിസം കോഴ്സിൽ പഠിച്ച് വന്നവരല്ല. പാർട്ടിതന്നെയായിരുന്നു അവിടെയും ഞങ്ങളുടെ വിദ്യാലയം. പത്രാധിപരുടെ രാഷ്ട്രീയ ധർമ്മങ്ങളെപ്പറ്റി എന്നെ പഠിപ്പിച്ചത് തങ്കപ്പേട്ടൻ ആയിരുന്നു. പ്രായോഗിക പത്രപ്രവർത്തനത്തിനപ്പുറം എന്നെ പഠിപ്പിച്ച ഗുരുക്കൻമാർ കെ ടി സുരേഷും നടേരി ഗംഗാധരനുമാണ്. പിൽക്കാലത്ത് ജനയുഗത്തിന്റെ എഡിറ്ററായി ചാർജെടുത്തപ്പോഴെല്ലാം ഈ ഗുരുക്കൻമാരെ ഓർത്തുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തിക ഭാരം താങ്ങാനാവാതെ ജനയുഗം പ്രവർത്തനം നിർത്തിയ ഒരു ഇടക്കാലമുണ്ടായിരുന്നു. അന്ന് ജീവനക്കാർക്ക് സാമ്പത്തിക പ്രയാസം കൊണ്ട് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. അന്ന് പത്രപ്രവർത്തനത്തോടുള്ള ആഭിമുഖ്യംകൊണ്ടും സാമ്പത്തിക ഞെരുക്കംകൊണ്ടും സിറാജ് ദിനപത്രത്തിന്റെ പത്രാധിപരാകാൻ സുരേഷ് തീരുമാനിച്ചു. ആ തീരുമാനം എടുക്കുംമുമ്പും സുരേഷ് അഭിപ്രായം ചോദിക്കുംപോലെ എന്നെ വിളിച്ചിരുന്നു. എവിടെപ്പോയാലും നമ്മൾ നമ്മളായിരിക്കുമെന്നും സഖാവ് പറഞ്ഞു. സിറാജിൽ സുരേഷിനോടൊപ്പം പ്രവർത്തിച്ച പലരും പറഞ്ഞത് ഇത്രയും കൃത്യതയുള്ള, വേഗതയുള്ള ഒരു പത്രാധിപരെ അവർ ആദ്യം കാണുകയാണെന്നാണ്. ഞാൻ പറഞ്ഞു, ജനയുഗത്തിലെ പരിശീലനം ഏത് ജേണലിസം സ്കൂളിനെക്കാൾ വളരെ മികച്ചതാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
സുരേഷ് വിടവാങ്ങിയപ്പോൾ ഇത്രയെങ്കിലും പറയണമെന്ന് മനഃസാക്ഷി എന്നോട് കല്പിക്കുന്നു. ഈ ഓർമ്മകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ജനയുഗത്തിലൂടെ ഞങ്ങൾക്കെല്ലാം തന്ന സ്നേഹത്തിന്റെ, ആദരവിന്റെ സൗന്ദര്യവും സൗരഭ്യവുമാണ്. ഈ എഴുത്ത് തിരക്കുമൂലം മറ്റൊരവസരത്തിലേക്ക് മാറ്റിവച്ചാൽ ഇതുപോലെ എഴുതാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ട് പ്രിയപ്പെട്ട സഖാവിന്റെ, സത്യസന്ധനായ ആ ചങ്ങാതിയുടെ ഓർമ്മയ്ക്കു മുമ്പിൽ ഇത്രയെങ്കിലും പറഞ്ഞേ തീരൂ. സുരേഷിന്റെ ഭാര്യയ്ക്കും മക്കൾക്കും സഖാക്കൾക്കും സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഈ ആഘാതം താങ്ങാൻ കരുത്തുണ്ടാകട്ടെ. പ്രിയപ്പെട്ട സുരേഷിന് ലാൽസലാം.