6 October 2024, Sunday
KSFE Galaxy Chits Banner 2

സംഗീത കലയിലെ ‘പൊന്നമ്മ’

അനിൽ മാരാത്ത്
November 12, 2023 11:27 am

ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ജ്വലിക്കുന്ന കൊടിയടയാളമായ കെപിഎസിയുടെ പാട്ടുകാരി, ജനകീയനാടക പ്രസ്ഥാനത്തിന്റെ കുലപതി തോപ്പിൽഭാസിയുടെയും കെപിഎസിയുടെ അമരക്കാരനും ഗാനരചയിതാവുമായ കേശവൻപോറ്റയുടെയും കരുതലും സ്നേഹവും വേണ്ടുവോളം ഏറ്റുവാങ്ങിയ കലാകാരി… സംഗീത അധ്യാപിക കൂടിയായ പൊന്നമ്മ കെപിഎസിയുടെ സമ്പന്നമായ സംഗീത കലാജീവിതത്തിന്റെ ഭൂതകാലമാണ്. കെ രാഘവൻമാസ്റ്ററുടെ വാത്സല്യനിധിയായ ശിഷ്യയാവാനും കെപിഎസിയിലൂടെ അറിയപ്പെടാനും കഴിഞ്ഞതിലുള്ളചാരിതാർത്ഥ്യമാണ് ഈ പാട്ടുകാരിയുടെ മനസ് നിറയെ.
കെ രാഘവൻമാസ്റ്റർ പ്രിൻസിപ്പാളായ കെപിഎസിയുടെ സംഗീത വിദ്യാലയം 1987 ഡിസംബർ ആറിനാണ് ഒഎൻവി ഉദ്ഘാടനം ചെയ്തത്. വൈകിയാണെങ്കിലും ആദ്യ ബാച്ചിൽ പൊന്നമ്മക്കും ഭാഗമാകാൻ കഴിഞ്ഞു.
സഹോദരൻ ഐ ബാബു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുന്നത്തൂർ മണ്ഡലം കമ്മിറ്റി മെമ്പറായിരുന്നു. സുഹൃത്തും പാർട്ടി പ്രവർത്തകനുമായ അഡ്വ. ഗോപാലകൃഷ്ണൻ, കെപിഎസിയുടെ ഭാരവാഹികളിൽ ഒരാളായ അഡ്വ. ഗോപാലകൃഷ്ണൻ നായർ, അദ്ദേഹത്തിന്റെ മകൻ അഡ്വ. അഭയ കുമാർ എന്നിവരിൽ നിന്നാണ് സംഗീത വിദ്യാലയത്തെക്കുറിച്ച് അറിയുന്നതും പിന്നീട് അവിടേക്ക് തിരിച്ചുവിടുന്നതും. അന്ന് പ്രീഡിഗ്രി വിദ്യാർത്ഥിയായ പൊന്നമ്മയ്ക്ക് പാട്ട് പഠിക്കാനുള്ള മോഹം ഇവരിലൂടെ അറിയിച്ചപ്പോൾ രാഘവൻമാസ്റ്ററുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. കരുനാഗപ്പള്ളി ഗസ്റ്റ് ഹൗസിലായിരുന്നു സമാഗമം. സപസ പാടിപ്പിച്ചു. സംഗീതം പഠിക്കാൻ മോഹമായി വന്ന പലരേയും തിരിച്ചയച്ച മാസ്റ്റർക്ക് പൊന്നമ്മയുടെ സംഗീതാഭിരുചി നന്നായി ബോധിച്ചത്തോടെ ക്ലാസിലേക്ക് പ്രവേശനം ലഭിച്ചു. 

സ്വദേശമായ കൊല്ലം ജില്ലയിലെ കുന്നത്തൂർ തുരുത്തിക്കരയിൽ നിന്ന് കെ. പി. എ. സി യിൽ വന്നുംപോയും താമസിച്ചുമായിരുന്നു പഠനം. മറ്റു കുട്ടികളോടൊപ്പമായിരുന്നില്ല ക്ലാസ്. പ്രത്യേകമായിരുന്നു.
തീഷ്ണമായ ജീവിതാനുഭവങ്ങളോട് പൊരുതിയാണ് പൊന്നമ്മ തന്റെ സംഗീതവാസനയെ ഉപാസിച്ചത്. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യവും യൗവ്വനവും. രണ്ട് വയസുള്ളപ്പോൾ അച്ഛൻ കുട്ടപ്പൻ ലോകത്തോട് യാത്ര പറഞ്ഞു. അമ്മ ഏലിയാമ്മ പാടത്തും പറമ്പിലും പണിയെടുത്താണ് മറ്റു മൂന്ന് സഹോദരിമാരേയും ഒരു സഹോദരനെയും വളർത്തിയത്. അച്ഛന്റെ മരണസമയത്ത് ജ്യേഷ്ഠൻ ഏഴാം ക്ലാസ് വിദ്യാർത്ഥി. പിതാവിന്റെ ശൂന്യത നികത്തിയത് സഹോദരനാണ്.
വീട്ടിലെ സാഹചര്യം പാർട്ടി സഖാക്കളിൽ നിന്ന് മാസ്റ്ററും കെപിഎസി ഭാരവാഹികളും മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെഎല്ലാ പരിഗണനയും നല്കി. ക്ലാസിനെത്തിയാൽ കാലത്ത് എന്താണ് കഴിച്ചെതെന്ന മാസ്റ്ററുടെ ഒരു സ്ഥിരം ചോദ്യമുണ്ട്. പഴം കഞ്ഞി (തലേ ദിവസത്തെ ചോറ്) എന്നത് പതിവ് ഉത്തരവും. മാസ്റ്റർ പലപ്പോഴും കഞ്ഞി എന്ന് മാത്രമെ കേൾക്കൂ. കഞ്ഞി നല്ലതാണ്. സ്ഥിരമായി കഞ്ഞി തന്നെ കഴിച്ചോളൂ എന്ന മാസ്റ്ററുടെ ഉപദേശം. മാഷോടൊപ്പമാണ് ഉച്ചഭക്ഷണം.വീട്ടുവിശേഷങ്ങളെല്ലാം പങ്കുവെയ്ക്കും. മാസ്റ്ററുടെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമെല്ലാം പറയും. 

പണ്ട് നാട്ടിൽ ചൂട്ട് കത്തിച്ച് തെയ്യവും തിറയും നാടൻ കലാരൂപങ്ങളും കാണാൻ പോയതും സംഗീതരംഗത്തെ ഗുരുനാഥനായ പി എസ് നാരായണ അയ്യരെക്കുറിച്ചും തന്റെ ഫുട്ബോൾ കമ്പത്തെക്കുറിച്ചും ആകാശവാണി വിശേഷങ്ങളും പ്രഗൽഭരുമായുള്ള സൗഹൃദവുമെല്ലാം ക്ലാസ്സിന്റെ ഇടവേളകളിൽ മാസ്റ്റർ വാചാലനാവും. പ്രയാസങ്ങളും വീട്ടിലെ അവസ്ഥകളുമെല്ലാം ചോദിച്ചറിയും. കർണ്ണാടകസംഗീതത്തിൽ മാസ്റ്റർക്ക് അഗാതപാണ്ഡ്യത്യമാണ്. വളരെ എളിമയോടും സ്നേഹത്തോടെയുമാണ് പഠിപ്പിക്കുക. ദേഷ്യപ്പെടാറില്ല. പാട്ട് മുഴുവൻ പഠിപ്പിക്കും. നാടകത്തിന് വേണ്ടി റിക്കാർഡ് ചെയ്യുന്നതിനുള്ള പാട്ടാണെങ്കിൽ അതിന്റെ പശ്ചാത്തലം പറഞ്ഞ് മനസിലാക്കും. വീട്ടിൽ നിന്ന് സാധകം ചെയ്യാൻ അദ്ദേഹമാണ് ഹാർമോണിയം വാങ്ങി കൊടുത്തത്. തലശ്ശേരിയിൽ നിന്ന് എഴുതിയ ക്ഷേമാന്വേഷണ കത്തുകളും ആ ഹാർമോണിയവും മാസ്റ്ററുടെ ഓർമ്മയ്ക്ക് ഇപ്പോഴും ഒരു നിധിപോലെ സൂക്ഷിക്കുന്നുണ്ട് പൊന്നമ്മ.
ഒരിക്കൽ ഓണസദ്യയുണ്ണാൻ മാഷെ ക്ഷണിച്ചപ്പോൾ മറ്റൊരു പ്രഗൽഭ വ്യക്തിയുടെ ക്ഷണം ഒഴിവാക്കിയാണ് വന്നത്. വൈദ്യുതിപോലും ഇല്ലാത്ത പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ആ കൊച്ചുവീട്ടിലേക്ക് മാസ്റ്റർ കടന്നുവന്നുത് വീട്ടിലെ എല്ലാവർക്കും ഓണക്കോടിയുമായാണ്.
1988 മുതൽ അഞ്ച് വർഷക്കാലമാണ് മാസ്റ്ററുടെ കീഴിൽ പൊന്നമ്മ സംഗീതം പഠിച്ചത്. പിന്നീട് ബിഎ മ്യൂസിക്കിന് കൊല്ലം ശ്രീനാരായണ വനിതാ കോളജിലും എംഎ മ്യൂസിക്കിന് തിരുവനന്തപുരം എച്ച്എച്ച് മഹാരാജാസ് വനിതാ കോളജിലും പഠിച്ചു. ഡോ. അരുന്ധതി, ഉഷ, വീണ, നെയ്യാറ്റിൻകര മോഹനചന്ദ്രൻ, ഡോ. സി പുഷ്പ, ലീല, സുമിന ദേവി, ജി ഭുവനേശ്വരി എന്നിവരായിരുന്നു സംഗീത പഠനകാലത്തെ കോളജിലെ അധ്യാപകർ.
ചേർത്തല തപസ്യയുടെ സമൂഹം എന്ന നാടകത്തിന് പൊന്നിന്റെ പൊടി വാരി എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യമായി മാസ്റ്റർപാടിച്ചത്.
തോപ്പിൽ ഭാസിയുടെ സഹോദരനും കെപിഎസി യിലെ നടനുമായിരുന്ന
തോപ്പിൽ കൃഷ്ണപിള്ള ഒരു ദിവസം വീട്ടിൽ വന്നു. ഇന്നത്തെപോലെ ഫോൺ സൗകര്യം വിപുലമാകാത്ത കാലം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പാട്ടുകൾ റീ റിക്കാർഡിംഗ് ചെയ്യാൻ പോകുന്നു. പൊന്നമ്മ അതിൽപാടണം. ക്ഷണിക്കാനായിരുന്നു ആ വരവ്. പ്രയാസങ്ങളെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും വീടിന്റെ ശോചനീയാവസ്ഥ അന്നാണ് നേരിൽ കാണുന്നത്. പൊന്നരിവാൾ അമ്പിളിയില്, നീലക്കുരുവി, പൂത്ത മരകൊമ്പു, നേരം പോയ് നേരം പോയ് തുടങ്ങിയ പാട്ടുകളാണ് റീറിക്കാർഡ് ചെയ്തത്. ആ പാട്ടുകളാണ് നാടകത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നത്. 

കെപിഎസി നാടകങ്ങളായ കയ്യും തലയും പുറത്തിടരുത്, രജനി, കന്യക, താപനിലയം, ജീവ പര്യന്തം, സൂത്രധാരൻ, പെൻഡുലം, ഒളിവിലെ ഓർമ്മകൾ, താള തരംഗം എന്നീ നാടകങ്ങൾക്ക് വേണ്ടിയും പാടി.
വടകര വരദയുടെ എന്നും പ്രിയപ്പെട്ട അമ്മ എന്ന നാടകത്തിനുവേണ്ടി പാടിയ ‘സൂര്യനെ സ്വന്തമെന്നോർത്താ…’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. പുതപ്പാട്ട് എന്ന സിരീയലിൽ ഒരു പാട്ട് റിക്കാർഡ് ചെയ്തിരുന്നുവെങ്കിലും പുറത്തുവന്നില്ല. രാഘവൻമാസ്റ്ററെ പോലെ തന്നെ തോപ്പിൽഭാസിയും കേശവൻ പോറ്റിയും കെപിഎസി സെക്രട്ടറിയായിരുന്ന എം ഗോപിയുമെല്ലാം എല്ലാപിന്തുണയും പ്രോത്സാഹനവും നല്കി ചേർത്തുനിർത്തി. വിശപ്പിന് ഭക്ഷണവും അസുഖത്തിന് മരുന്നും നല്‍കി. ക്ലാസ് കഴിഞ്ഞു പോകുമ്പോൾ അഞ്ച് രൂപ ഓഫീസിലിൽ നിന്ന് വാങ്ങാൻ അനുവാദമുണ്ടായിരുന്നു. ഇന്ന് ആ അഞ്ച് രൂപയുടെ
മൂല്യം എത്രയാണന്ന് ഊഹിക്കാവുന്നതാണ്.
ചില നാടങ്ങൾക്ക് അറിയപ്പെടുന്ന ഗായികമാരെകൊണ്ട് പാടിക്കണമെന്ന അഭിപ്രായം വരുമ്പോൾ തോപ്പിൽ ഭാസിയും രാഘവൻമാസ്റ്ററും പൊന്നമ്മയുടെ പേരിലാണ് ചെന്നെത്തുക.
പേരിനോടൊപ്പം കെപിഎസി ചേർത്തുവെയ്ക്കണമെന്ന് ഭാസിയാണ് ഉപദേശിച്ചത്. അദ്ദേഹത്തിന്റെ കുടുംബവുമായും ആത്മബന്ധമുണ്ടായിരുന്നു. പൊന്നമ്മയുടെ വിവാഹത്തിന് അമ്മിണിയമ്മ ഉപഹാരമായി നല്കിയത് ഭാസിയുടെ ഛായാ ചിത്രമാണ്.
അമ്മാവൻമാരായ കാഥികൻ സി ആർ രാജു, സി ആർ രാമകൃഷ്ണൻ എന്നിവർ നല്‍കിയ പ്രോത്സാഹനവും ഓർമ്മകളിൽ എന്നുമുണ്ട്.
ബ്രഹ്മാനന്ദന്റെ അയ്യപ്പഭക്തിഗാനമായ കർപ്പൂരദീപം കാസറ്റിൽ മാസ്റ്ററാണ് പാടിച്ചത്. പ്രശസ്ത ഗായകരായ ബ്രഹ്മാനന്ദൻ, സി ഒ ആന്റോ, വി ടി മുരളി, രാധിക തിലക്, ബിജുനാരായണൻ എന്നിവരോടൊപ്പമെല്ലാം പാടാൻ കഴിഞ്ഞു. നാടൻപാട്ടുകൾക്കുംഎത്രയോ വിപ്ലവഗാനങ്ങൾക്കും ശബ്ദം നല്കി. കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളനങ്ങളിൽ പാടാനും കഴിഞ്ഞു.
ദേവദാസി എന്ന സിനിമയിൽ ‘സ്വപ്നമാലിനി തീരത്തുണ്ടൊരു കൊച്ചുകല്യാണമണ്ഡപം…’ എന്ന ഗാനം പാടിക്കാൻ മാസ്റ്റർ ആഗ്രഹിച്ചിരുന്നു. സമയത്ത് റിക്കാർഡിംഗിന് എത്താൻ കഴിഞ്ഞില്ല. പൊന്നമ്മയുടെ ടീച്ചറുകൂടിയായ ഡോ. അരുന്ധതിയാണ് ആ ഗാനം പാടിയത്.
മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് മറ്റൊരു ശിഷ്യനായ ഹരീന്ദ്രൻകക്കാട് രചനയും സംഗീതവും നിർവഹിച്ച ‘ഗുരുവന്ദനം’ എന്ന സിഡിയിൽ എട്ട് പാട്ടുകൾ പാടി ഗുരുവിനുള്ള പ്രണാമമർപ്പിച്ചു. 

കുന്നത്തൂരിലെ ജവഹർ ബാലഭവൻ ചിൽഡ്രസ് ലൈബ്രറിയിലാണ് പൊന്നമ്മ ആദ്യം സംഗീത അധ്യാപികയായത്. പിന്നീട് ആന്തമാൻ, കർണാടക, മാഹി എന്നിവടങ്ങളിലെ നവോദയ വിദ്യാലയങ്ങളിൽ ജോലിചെയ്തു. ഇപ്പോൾ കോട്ടയം നവോദയ വിദ്യാലയത്തിലെ സംഗീത അധ്യാപികയാണ്. 2003ലാണ് മാഹിയിൽ എത്തുന്നത്. ഗുരുനാഥനെ കാണാനും പല സംഗീത പരിപാടികളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാനും മാഹി ജീവിതം കൊണ്ട് സാധിച്ചു. മാസ്റ്ററുടെ ശിഷ്യയായതുകൊണ്ട് മാഹി നവോദയ വിദ്യാലയം പ്രിൻസിപ്പാൾ ഡോ. കെ . രത്നാകരൻ പ്രത്യേക പരിഗണനല്കി.
2000 ത്തിൽ കെപിഎസി പൊന്നമ്മയെ ആദരിച്ചു. വിവിധ കലാസാംസ്കാരിക സംഘടനകളുടെ അനുമോദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കെപിഎസി രൂപം നല്‍കിയ കെ രാഘവൻമാസ്റ്റർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. മാഹിയിൽ ബിസനുകാരനായ മാധവനാണ് ഭർത്താവ്. സംഗീതയും സരിഗയും മക്കളുമാണ്. കെപിഎസിയിലൂടെ ധന്യമായ സംഗീത ജീവിതത്തിന് ആത്യന്തികമായി താങ്ങും തണലുമായത് താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണെന്നും തന്റെ ഹൃദയത്തിലും നിരകളിലും ആ വിപ്ലവവീര്യം എന്നുമെന്നുമുണ്ടാവുമെന്നും പൊന്നമ്മ പറയുമ്പോള്‍ മുഖത്ത് ആവേശത്തിന്റെ പൊന്‍തിളക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.