Site iconSite icon Janayugom Online

‘നമ്മുടെ കാസറഗോഡ്’; ജനപ്രതിനിധികളുമായി ആലോചിച്ച് ഭൂവിനിയോഗത്തിന് മാസ്റ്റർ പ്ലാൻ നടപ്പാക്കും: ജില്ലാ കളക്ടർ

ksdksd

കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള സർക്കാർ‑സ്വകാര്യ ഭൂമി വിനിയോഗത്തിന് ജപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന നമ്മുടെ കാസറഗോഡ് മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ചേർന്ന് കാസർകോട് സിറ്റി ടവർ ഹാളിൽ സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ രണ്ട് മുതൽ മാർച്ച് 30 വരെ നടക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി കാസർകോട് നഗരത്തിനെ സുൽത്താൻ ബത്തേരി മോഡലിൽ ശുചിത്വ നഗരമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് കാസർകോട് വികസനപാക്കേജിലെ ടൂറിസം സർക്യൂട്ട് പദ്ധതി ഉപയോഗപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.
യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ കാസർകോട് കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. 

ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കാസർകോട് നിന്ന് രാത്രി കാലങ്ങളിലും ബസ് സൗകര്യം ലഭ്യമാക്കണം. പെരിയ എയർ സ്ട്രിപ്പ്, കോവളം ബേക്കൽ ജലപാത എന്നിവയുടെ പ്രവർത്തനം വേഗത്തിലാക്കണം. മീൻ, കല്ലുമ്മക്കായ ലഭ്യത കൂടുതലുള്ള കാസർകോട് ജില്ലയിൽ കടൽ വിഭവ സംസ്ക്കരണ ശാല ആവശ്യമാണ്. കാസർകോട് ലഭ്യമാകുന്ന ചുട്ടെടുത്ത കശുവണ്ടിയെ ബ്രാന്റ് ചെയ്ത് വിപണനം ചെയ്യണം. ഉരുൾ പൊട്ടൽ മേഖലകളിൽ മഴക്കാലത്ത് പട്ടിക വർഗ വിഭാഗങ്ങളെ പതിവായി മാറ്റി പാർപ്പിക്കുന്നതിന് പകരം സ്ഥിരമായൊരു സംവിധാനം ആവശ്യമാണ്. ജില്ലയിൽ ചിതറി കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളെ കണക്ട് ചെയ്ത് കെഎസ്ആർടിസി സർവ്വീസ് ആലോചിക്കാവുന്നതാണ്. കാസർകോട് നഗരത്തെ രാത്രികാലങ്ങളിലും സജീവമാക്കാൻ സാധിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. നഗരത്തിൽ മികച്ച പാർക്കുകളും വിശ്രമ കേന്ദ്രങ്ങളും ആവശ്യമാണ്.
കണ്ണൂരിൽ യാത്ര നിർത്തുന്ന ആലപ്പുഴ എക്സിക്യുട്ടീവ്, ജനശതാബ്ദി ട്രെയ്നുകൾ കാസർകോട് വരെ നീട്ടണം. സഹകരണ ബാങ്കുകളെ കാർഷിക ഉത്പ്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്ന കേന്ദ്രങ്ങളാക്കണം. ഗ്രൂപ്പു വില്ലേജുകൾ ഒഴിവാക്കി വില്ലേജുകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ആവശ്യമാണ്. 

ഓട്ടോ റിക്ഷകൾക്ക് മീറ്റർ ഘടിപ്പിച്ച് ചാർജ് ഈടാക്കണം പ്രകൃതി സൗഹൃദമായി ഗ്രാമീണ സംസ്കൃതിയെ പ്രയോജനപ്പെടുത്തി. സുസ്ഥിര ടൂറിസം പദ്ധതി നടപ്പിലാക്കണം. കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ മാധ്യപ്രവർത്തകർ അവതരിപ്പിച്ചു. എല്ലാ നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചില നിർദ്ദേശങ്ങളിൽ ജില്ലയുടെ പൊതുവായ വികസനത്തിന് വ്യത്യസ്ത മേഖലകളിലെ വിദഗ്ദരുമായി സംവദിക്കാനുമുള്ള വേദിയാണ് ‘നമ്മുടെ കാസറഗോഡ്’ ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടി. ചർച്ചയിൽ കാസർകോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് നഹാസ് പി മുഹമ്മദ്, സെക്രട്ടറി കെ വി പത്മേഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ വിവിധ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, നന്ദിയും പറഞ്ഞു. നമ്മടെ കാസ്രോഡ് ലോഗോ പ്രസ്‌ക്ലബ് സെക്രട്ടറി കെ വി പത്മേഷും വൈസ് പ്രസിഡന്റ് നഹാസ് പി മുഹമ്മദും പ്രകാശനം ചെയ്തു. 

Exit mobile version